ലണ്ടന്‍: കൊടുംചൂടില്‍ വെന്തുരുകി യുകെ. പടിഞ്ഞാറന്‍ ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സില്‍ ഓഗസ്റ്റ് 13ന് താപനില 38.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ 2026ലെ രാജ്യത്തെ ഏറ്റവും ചൂടേറിയ ദിവസമായി വ്യാഴാഴ്ച മാറി. മെറ്റ് ഓഫിസിന്റെ കണക്കനുസരിച്ച് യുകെയുടെ രേഖപ്പെടുത്തിയ ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും ഉയര്‍ന്ന താപനില കൂടിയാണിത്. 38.1 ഡിഗ്രി എന്ന കണക്ക് നിലവില്‍ താത്കാലികമാണെന്നും പരിശോധനയ്ക്കുശേഷമേ അന്തിമമായി സ്ഥിരീകരിക്കൂവെന്നും മെറ്റ് ഓഫിസ് അറിയിച്ചു. മധ്യ, തെക്കന്‍ ഇംഗ്ലണ്ടിലെ 40 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ 36 ഡിഗ്രിയോ അതിലധികമോ രേഖപ്പെടുത്തി. വോര്‍സെസ്റ്റര്‍ഷയറിലെ പെര്‍ഷോറില്‍ 38 ഡിഗ്രിയും സറേയിലെ ചാര്‍ള്‍വുഡില്‍ 37.8 ഡിഗ്രിയും രേഖപ്പെടുത്തി. ഈ വര്‍ഷം ഇതിനകം മൂന്ന് വ്യത്യസ്ത ദിവസങ്ങളില്‍ യുകെയിലെ താപനില 37 ഡിഗ്രി കടന്നതും പുതിയ റെക്കോര്‍ഡാണ്. 2026ല്‍ രാജ്യം നേരിടുന്ന അഞ്ചാമത്തെ ഉഷ്ണതരംഗമാണിത്.
40.3 ഡിഗ്രിയാണ് യുകെയിലെ സര്‍വകാല റെക്കോര്‍ഡ്
യുകെയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 40.3 ഡിഗ്രി സെല്‍ഷ്യസ് ആണ്. 2022 ജൂലൈ 19ന് ലിങ്കണ്‍ഷയറിലെ കോണിങ്‌സ്ബിയിലാണ് ചരിത്ര റെക്കോര്‍ഡ് രേഖപ്പെടുത്തിയത്. 2019 ജൂലൈ 25ന് കേംബ്രിജ് ബൊട്ടാനിക് ഗാര്‍ഡനില്‍ 38.7 ഡിഗ്രിയും 2003 ഓഗസ്റ്റ് 10ന് കെന്റിലെ ഫേവര്‍ഷമില്‍ 38.5 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു. 2022 ജൂലൈ 18ന് നോര്‍ത്താംപ്റ്റണ്‍ഷയറിലെ പിറ്റ്സ്ഫോര്‍ഡില്‍ 38.2 ഡിഗ്രിയും രേഖപ്പെടുത്തി. ഇതിന് തൊട്ടുപിന്നിലാണ് ക്യൂ ഗാര്‍ഡന്‍സിലെ 38.1 ഡിഗ്രി എത്തിയത്.
കടുത്ത ചൂടിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലുടനീളം യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അംബര്‍ ഹീറ്റ്-ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് മേഖലകളിലെ മുന്നറിയിപ്പ് ഓഗസ്റ്റ് 15 രാവിലെ 10 വരെ നീട്ടുകയും ചെയ്തു. ചൂട് മുതിര്‍ന്നവര്‍, കുട്ടികള്‍, ദീര്‍ഘകാല രോഗമുള്ളവര്‍ എന്നിവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാനും ആരോഗ്യ-സാമൂഹിക പരിചരണ സംവിധാനങ്ങളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചൂടിനൊപ്പം തീയും; വീടുകള്‍ കത്തിനശിച്ചു
ആഴ്ചകളായി തുടരുന്ന വരണ്ട കാലാവസ്ഥയ്‌ക്കൊപ്പം താപനില കുത്തനെ ഉയര്‍ന്നതോടെ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും വിവിധ ഭാഗങ്ങളില്‍ കാട്ടുതീയും പുല്ലുതീയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് മിഡ്ലാന്‍ഡ്‌സിലെ സ്റ്റോര്‍ബ്രിജില്‍ തീ വരണ്ട പുല്ലുപ്രദേശങ്ങളില്‍നിന്ന് സമീപത്തെ വീടുകളിലേക്ക് പടര്‍ന്നു. നൂറിലേറെ അഗ്‌നിശമന സേനാംഗങ്ങളാണ് തീ നിയന്ത്രിക്കാന്‍ രംഗത്തിറങ്ങിയത്. നിരവധി വീടുകള്‍ കത്തിനശിക്കുകയും നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
ബര്‍മിങ്ങാമിലെ കാസില്‍ വേല്‍, സ്റ്റോക്ക്-ഓണ്‍-ട്രെന്റിലെ സാന്‍ഡിഫോര്‍ഡ്, വോര്‍സെസ്റ്റര്‍ഷയറിലെ പെര്‍ഷോര്‍ തുടങ്ങിയ സ്ഥലങ്ങളിലും വലിയ തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍വിക്ഷയറിലെ സാല്‍ഫോര്‍ഡ് പ്രയേഴ്‌സിലെ തീപിടിത്തത്തെ തുടര്‍ന്ന് 'മേജര്‍ ഇന്‍സിഡന്റ്' പ്രഖ്യാപിക്കേണ്ടിവന്നു. വിവിധ പ്രദേശങ്ങളിലുണ്ടായ തീപിടിത്തങ്ങള്‍ അഗ്‌നിശമന-രക്ഷാസേനയുടെ ശേഷിയെയും മറികടക്കുന്ന തരത്തിലുള്ള സമ്മര്‍ദമാണ് സൃഷ്ടിച്ചതെന്ന് നാഷനല്‍ ഫയര്‍ ചീഫ്‌സ് കൗണ്‍സില്‍ വ്യക്തമാക്കി.
2026ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും റിപ്പോര്‍ട്ട് ചെയ്ത കാട്ടുതീകളുടെ എണ്ണം ഇതിനകം തന്നെ കഴിഞ്ഞ വര്‍ഷത്തെ 1,017 എന്ന റെക്കോര്‍ഡ് മറികടന്നതായി അഗ്‌നിശമന വിഭാഗം അറിയിച്ചു. കാട്ടുതീ സീസണ്‍ നവംബര്‍ വരെ നീളാന്‍ സാധ്യതയുള്ളതിനാല്‍ ഈ വര്‍ഷം തീപിടിത്തങ്ങളുടെ എണ്ണം ഇനിയും ഗണ്യമായി ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഇംഗ്ലണ്ടിന്റെ 71 ശതമാനത്തിലധികം വരള്‍ച്ചയില്‍
ചൂടിന്റെ ആഘാതം രൂക്ഷമാക്കുന്നത് രാജ്യത്തെ കടുത്ത ജലക്ഷാമമാണ്. ഇംഗ്ലണ്ടിന്റെ 71.3 ശതമാനം പ്രദേശവും ഇപ്പോള്‍ ഔദ്യോഗികമായി വരള്‍ച്ചാ സാഹചര്യത്തിലാണ്. ഏകദേശം 4.5 കോടി ആളുകളാണ് വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നത്. 2.7 കോടിയിലധികം ആളുകള്‍ക്ക് വെള്ളത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളും നിലവിലുണ്ട്. അസാധാരണമായി മഴ കുറഞ്ഞ ജൂലൈയ്ക്കും ഓഗസ്റ്റിന്റെ തുടക്കത്തിലെ വരണ്ട കാലാവസ്ഥയ്ക്കും പിന്നാലെയാണ് സ്ഥിതി കൂടുതല്‍ വഷളായത്. നദികളിലെ ഒഴുക്ക് കുറയുകയും ജലസംഭരണികളിലെയും ഭൂഗര്‍ഭജലത്തിലെയും അളവ് താഴുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ പ്രധാന ജലസംഭരണികളുടെ ആകെ സംഭരണം സാധാരണ നിലയെക്കാള്‍ ഏറെ താഴെയാണെന്നും ചില ജലസംഭരണികള്‍ 'അസാധാരണമായി താഴ്ന്ന' നിലയിലാണെന്നും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ചൂടുമായി ബന്ധപ്പെട്ട് 2,877 മരണങ്ങള്‍
കടുത്ത ചൂട് ആരോഗ്യരംഗത്തും വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ ഇടക്കാല കണക്കനുസരിച്ച് 2026 മെയ്, ജൂണ്‍ മാസങ്ങളിലെ ചൂടുകാലയളവുകളില്‍ ഇംഗ്ലണ്ടില്‍ 2,877 ചൂടുമായി ബന്ധപ്പെട്ട മരണങ്ങളാണ് കണക്കാക്കിയത്. മെയ് 24 മുതല്‍ 27 വരെയുള്ള ചൂടില്‍ 753 മരണങ്ങളും ജൂണ്‍ 21 മുതലുള്ള ഉഷ്ണതരംഗത്തില്‍ 2,124 മരണങ്ങളുമാണ് കണക്കാക്കിയത്.
ജൂലൈയിലും ഓഗസ്റ്റിലും അനുഭവപ്പെട്ട തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങളുടെ ആരോഗ്യപ്രഭാവം ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ വേനല്‍ക്കാലത്തെ അന്തിമ മരണനിരക്ക് നിലവിലെ കണക്കിനേക്കാള്‍ ഉയരാന്‍ സാധ്യതയുണ്ട്.
എ ആന്‍ഡ് ഇയില്‍ സര്‍വകാല റെക്കോര്‍ഡ് തിരക്ക്
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് അടിയന്തര ചികിത്സാ വിഭാഗങ്ങളിലും കടുത്ത സമ്മര്‍ദമാണ് അനുഭവപ്പെടുന്നത്. ജൂലൈയില്‍ മാത്രം ഏകദേശം 24.9 ലക്ഷം പേര്‍ എ ആന്‍ഡ് ഇ വിഭാഗങ്ങളില്‍ ചികിത്സ തേടി. ഒരു മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന എ ആന്‍ഡ് ഇ ഹാജര്‍ നിരക്കാണിത്. മെയ് മുതല്‍ ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിലും അടിയന്തര ചികിത്സാ വിഭാഗങ്ങളില്‍ അസാധാരണമായ തിരക്കാണ് അനുഭവപ്പെട്ടത്.
ഉയര്‍ന്ന താപനിലയും തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങളും ആശുപത്രികളിലും ആംബുലന്‍സ് സേവനങ്ങളിലും സമ്മര്‍ദം വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൂട് നിയന്ത്രിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങളില്ലാത്ത പഴയ ആശുപത്രി കെട്ടിടങ്ങളില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യവുമുണ്ട്. ഓഗസ്റ്റ് 13ലെ ഉച്ചസ്ഥായിക്ക് ശേഷം ചൂട് ക്രമേണ കുറഞ്ഞുതുടങ്ങി. ഓഗസ്റ്റ് 14ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില 35.8 ഡിഗ്രിയായി താഴ്ന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ ഭൂരിഭാഗത്തും കൂടുതല്‍ തണുത്ത കാലാവസ്ഥയിലേക്ക് മാറുമെന്നാണ് മെറ്റ് ഓഫിസിന്റെ പ്രവചനം.
തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങള്‍, അതിരൂക്ഷമായ വരള്‍ച്ച, റെക്കോര്‍ഡ് കാട്ടുതീ, ജലക്ഷാമം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഒരേസമയം ശക്തമാകുന്നത് യുകെയുടെ മാറുന്ന കാലാവസ്ഥയുടെ ഗൗരവം വ്യക്തമാക്കുകയാണ്. ഉയര്‍ന്ന ഹരിതഗൃഹ വാതക സാന്ദ്രതയോടൊപ്പം അതിശക്തമായ ചൂടുള്ള ദിവസങ്ങള്‍ യുകെയില്‍ കൂടുതല്‍ പതിവാകുന്നുവെന്നാണ് മെറ്റ് ഓഫിസിന്റെ ദീര്‍ഘകാല കാലാവസ്ഥാ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.