ലണ്ടന്‍: യുകെയുടെ പ്രാദേശിക ഭരണരംഗത്ത് വീണ്ടും മലയാളി സാന്നിധ്യം. പത്തനംതിട്ട കോന്നി സ്വദേശിയായ ആശിഷ് മാത്യു നീധാം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലില്‍ ഉണ്ടായ ഒഴിവിനെ തുടര്‍ന്ന് നടന്ന കോ-ഓപ്ഷന്‍ നടപടിയിലൂടെയാണ് ആശിഷ് കൗണ്‍സിലറായത്. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകി അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് പുതിയ ചുമതലയില്‍ മുന്‍ഗണന നല്‍കുകയെന്ന് ആശിഷ് പറഞ്ഞു. സഫോക്കിലെ ഇപ്സ്വിച്ചില്‍ താമസിക്കുന്ന ആശിഷ്, നീധാം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാട്ടിലെ ഉപതിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യത്തിലാണ് കൗണ്‍സിലിലെ ഒഴിവ് നികത്തുന്നതിനുള്ള നടപടികള്‍ നടന്നത്. അപേക്ഷ ക്ഷണിച്ചതിനെ തുടര്‍ന്ന് ആശിഷും അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന കോ-ഓപ്ഷന്‍ നടപടികളിലൂടെയാണ് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
'ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വലിയ അവസരം'
കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആശിഷ് പറഞ്ഞു. യുകെയില്‍ വലിയ മലയാളി സമൂഹമുണ്ടെങ്കിലും പ്രാദേശിക ഭരണസംവിധാനങ്ങളിലെ ഇത്തരം ഉത്തരവാദിത്ത സ്ഥാനങ്ങളിലേക്ക് മലയാളികള്‍ എത്തുന്നത് താരതമ്യേന കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ജനങ്ങളുമായി ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും ലഭിക്കുന്ന അവസരമാണിത്. ഇവിടെ താമസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ ഉത്തരവാദിത്തവും ഭാഗ്യവുമായി കാണുന്നു,'' ആശിഷ് പറഞ്ഞു.
നീധാം മാര്‍ക്കറ്റിന്റെ വികസനത്തിന് മുന്‍ഗണന
നീധാം മാര്‍ക്കറ്റ് ടൗണിന്റെ വികസനത്തിനും പ്രദേശവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമാകും പ്രധാന പരിഗണനയെന്ന് ആശിഷ് വ്യക്തമാക്കി. ജനങ്ങളുടെ അഭിപ്രായങ്ങളും പരാതികളും കേട്ട് അവ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. അടിസ്ഥാന സൗകര്യ വികസനം, റോഡുകളുടെ മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി സാധ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും ആശിഷ് വ്യക്തമാക്കി.
മലയാളികളുടെ പ്രശ്‌നങ്ങളിലും ഇടപെടും
യുകെയിലെത്തുന്ന മലയാളികള്‍ തൊഴില്‍, വീസ തുടങ്ങിയ വിഷയങ്ങളില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ആശിഷ് പറഞ്ഞു. ടൗണ്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതിന് അധികാരപരമായ പരിമിതികളുണ്ടെങ്കിലും സാധ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് നീധാം മാര്‍ക്കറ്റും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന മേഖലയിലെ മലയാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാന്‍ ശ്രമിക്കുമെന്നും ആശിഷ് പറഞ്ഞു. ഭാര്യ ജെന്‍സിക്കും മകള്‍ അദിയയ്ക്കുമൊപ്പമാണ് ആശിഷ് യുകെയില്‍ താമസിക്കുന്നത്. ജോലിക്കൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായ ആശിഷിന് കുടുംബത്തിന്റെ ശക്തമായ പിന്തുണയുമുണ്ട്.
കോന്നിയില്‍ നിന്ന് യുകെയിലെ പ്രാദേശിക ഭരണരംഗത്തേക്കുള്ള ആശിഷ് മാത്യുവിന്റെ യാത്ര, ബ്രിട്ടനിലെ മലയാളി സമൂഹത്തിനും അഭിമാന നേട്ടമായി മാറുകയാണ്.