ലണ്ടന്‍/എഡിന്‍ബറോ: ഹെയര്‍ ഡ്രയറില്‍നിന്നുള്ള അമിതചൂടേറ്റ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് ആറുവര്‍ഷം തടവുശിക്ഷ. അബര്‍ഡീന്‍ഷെയറിലെ പീറ്റര്‍ഹെഡ് സ്വദേശിനി കോര്‍ട്ട്നി ഗാര്‍ഷോറിനെയാണ് മകള്‍ ഡാലിയ-റോസ് ഗാര്‍ഷോറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചത്. കുഞ്ഞിനെ മനഃപൂര്‍വം കൊലപ്പെടുത്തിയതല്ലെങ്കിലും ഗുരുതരമായ അശ്രദ്ധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തി. 2023 സെപ്റ്റംബര്‍ 30ന് പീറ്റര്‍ഹെഡിലെ കിങ് സ്ട്രീറ്റിലുള്ള വീട്ടിലായിരുന്നു സംഭവം. അന്ന് ഡാലിയ-റോസ് അമ്മയുടെ പരിചരണത്തിലായിരുന്നു. ഹെയര്‍ ഡ്രയറില്‍നിന്നുള്ള ശക്തമായ ചൂട് കുഞ്ഞിന്റെ ശരീരത്തില്‍ ദീര്‍ഘനേരം പതിച്ചതിനെ തുടര്‍ന്ന് ശരീരത്തിന്റെ ഏകദേശം 18 ശതമാനം ഭാഗത്ത് ഗുരുതര പൊള്ളലേറ്റതായി അന്വേഷണത്തില്‍ കണ്ടെത്തി.
തല, മുഖം, കഴുത്ത്, ശരീരത്തിന്റെ മുകള്‍ഭാഗം, വലതുകൈ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പൊള്ളലേറ്റത്. ഹെയര്‍ ഡ്രയര്‍ കൃത്യമായി എത്രനേരം പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്താനായില്ലെങ്കിലും കുറഞ്ഞത് 20 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ പ്രവര്‍ത്തിച്ചിരിക്കാമെന്നാണ് കോടതിയുടെ വിലയിരുത്തല്‍. പിന്നീട് കിടക്കയ്ക്കരികിലെ മതിലിനോട് ചേര്‍ന്ന നിലയിലാണ് ഉപകരണം കണ്ടെത്തിയത്.
മരണകാരണം ഹെയര്‍ ഡ്രയറിലെ ചൂടെന്ന് ജൂറി
കുഞ്ഞിനെ കൊല്ലണമെന്ന ഉദ്ദേശ്യം ഗാര്‍ഷോറിന് ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ സംരക്ഷിക്കുന്നതില്‍ അവര്‍ അത്യന്തം ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് കേസ്. പൊള്ളലുകള്‍ മാത്രം കുഞ്ഞിന്റെ മരണത്തിന് കാരണമാകേണ്ടത്ര ഗുരുതരമായിരുന്നില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ കോടതിയെ അറിയിച്ചു. ശരീരതാപനില അപകടകരമായ നിലയില്‍ ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഹൈപ്പര്‍തെര്‍മിയയാണ് മരണത്തിന് ഏറ്റവും സാധ്യതയുള്ള കാരണമെന്ന് പ്രോസിക്യൂഷന്‍ വിദഗ്ധന്‍ വ്യക്തമാക്കി. എന്നാല്‍ ഹെയര്‍ ഡ്രയറിലെ ചൂടിന് വിധേയയാകുന്നതിന് മുമ്പുതന്നെ കുഞ്ഞ് മരിച്ചിരിക്കാമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ വാദം ജൂറി ഏകകണ്ഠമായി തള്ളി. ഹെയര്‍ ഡ്രയറില്‍നിന്നുള്ള അമിതചൂടാണ് ഡാലിയ-റോസിന്റെ മരണത്തിന് കാരണമായതെന്ന് ജൂറി കണ്ടെത്തി.
രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാനം
സംഭവത്തിന് മുന്‍പുള്ള രാത്രി ഗാര്‍ഷോര്‍ സുഹൃത്തുക്കളോടും അയല്‍ക്കാരോടുമൊപ്പം പുറത്തുപോയി മദ്യപിച്ചിരുന്നതായി കോടതിയില്‍ വെളിപ്പെട്ടു. പുലര്‍ച്ചെ നാലുമണിയോടെയാണ് അവര്‍ വീട്ടിലെത്തിയത്. പിന്നീട് കുഞ്ഞിന് പ്രതികരണമില്ലെന്ന് കണ്ടതോടെ ഗാര്‍ഷോര്‍ അടിയന്തരസേവന നമ്പറായ 999ല്‍ വിളിച്ചു. എന്നാല്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചതിനെക്കുറിച്ചുള്ള വിവരം ആ സമയത്ത് അവര്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിനിടെ ഹെയര്‍ ഡ്രയറിന്റെ അറ്റത്തുനിന്ന് കുഞ്ഞിന്റെ ഡിഎന്‍എ കണ്ടെത്തിയതാണ് കേസിലെ നിര്‍ണായക തെളിവുകളിലൊന്നായത്.
'സംരക്ഷിക്കേണ്ട അടിസ്ഥാന ഉത്തരവാദിത്തത്തില്‍ ഗുരുതര വീഴ്ച'
ശിക്ഷ വിധിച്ച ജഡ്ജി സൈമണ്‍ കോളിന്‍സ് കെ.സി. സംഭവം അത്യന്തം അസ്വസ്ഥപ്പെടുത്തുന്നതും ദാരുണവുമാണെന്ന് പറഞ്ഞു. പൂര്‍ണമായും മറ്റൊരാളുടെ പരിചരണത്തെ ആശ്രയിച്ചിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ സംരക്ഷിക്കേണ്ട അമ്മയുടെ ഏറ്റവും അടിസ്ഥാനപരമായ ഉത്തരവാദിത്തത്തിലാണ് ഗുരുതര വീഴ്ച സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. വിഡിയോ ലിങ്കിലൂടെയാണ് ഗാര്‍ഷോര്‍ ശിക്ഷാവിധി കേട്ടത്. വിധി കേള്‍ക്കുന്നതിനിടെ അവര്‍ കരഞ്ഞു. ഗാര്‍ഷോറിന്റെ ബാല്യകാല അനുഭവങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, മദ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍, മുന്‍പ് കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നത് എന്നിവ പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ കേസിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ശിക്ഷ ഉയര്‍ത്തിയാണ് കോടതി ആറുവര്‍ഷത്തെ തടവ് വിധിച്ചത്. ശിക്ഷ 2026 ജൂലൈ 16 മുതല്‍ പ്രാബല്യത്തില്‍ വരും.
ഗാര്‍ഷോര്‍ തന്റെ മകളെ സ്‌നേഹിച്ചിരുന്നുവെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നുണ്ടെന്നും മകളുടെ മരണത്തിന് തന്റെ പ്രവൃത്തികള്‍ കാരണമായെന്ന ബോധ്യവുമായി അവര്‍ ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുമെന്നും ജഡ്ജി പറഞ്ഞു. മൂന്നുമാസം മാത്രം പ്രായമുള്ള ഡാലിയ-റോസിന്റെ മരണം, സ്വയം അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ മുതിര്‍ന്നവര്‍ പുലര്‍ത്തേണ്ട ജാഗ്രതയുടെയും ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം വീണ്ടും ഓര്‍മിപ്പിക്കുന്ന സംഭവമായി.