ലണ്ടന്‍: ആഴ്ചകളായി കൊടുംചൂടും മഴയില്ലാത്ത വരണ്ട കാലാവസ്ഥയും തുടരുന്ന ബ്രിട്ടനില്‍ ഒടുവില്‍ മഴയെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നേരിയ മഴ ലഭിച്ചപ്പോള്‍ വടക്കന്‍ മേഖലകളില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് മെറ്റ് ഓഫിസ് പ്രവചനം. വരും ദിവസങ്ങളില്‍ തെക്കന്‍ ഇംഗ്ലണ്ടിലേക്കും മഴ വ്യാപിക്കുന്നതോടെ രാജ്യത്തെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റമുണ്ടാകും. ഇന്ന് വടക്കന്‍ യുകെയില്‍ മേഘാവൃതമായ അന്തരീക്ഷത്തിനൊപ്പം മഴ ലഭിക്കും. വൈകുന്നേരത്തോടെ പടിഞ്ഞാറുനിന്നെത്തുന്ന മഴ വടക്കന്‍ മേഖലകളില്‍ കൂടുതല്‍ ശക്തമാകാനും രാത്രിയോടെ തെക്കുകിഴക്കന്‍ മേഖലകളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. നാളെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയോടെയാകും ദിവസം ആരംഭിക്കുക. പിന്നീട് വെയിലും ചാറ്റല്‍മഴയും മാറിമാറി അനുഭവപ്പെടും. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഇടയ്ക്കിടെ മഴ ലഭിക്കുമെന്നും ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്‌ക്കൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
ആഴ്ചകളായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് മഴ താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും ബ്രിട്ടനിലെ വരള്‍ച്ചാ സാഹചര്യം ഉടന്‍ അവസാനിക്കില്ല. നദികളിലും ജലസംഭരണികളിലും ജലനിരപ്പ് ഇപ്പോഴും താഴ്ന്ന നിലയിലാണ്. ജലക്ഷാമത്തില്‍ കാര്യമായ മാറ്റമുണ്ടാകണമെങ്കില്‍ ശരത്കാലത്തും ശരാശരിയേക്കാള്‍ കൂടുതല്‍ മഴ തുടര്‍ച്ചയായി ലഭിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ചകളില്‍ അനുഭവപ്പെട്ട അസാധാരണമായ ചൂടിനും ഇനി ശമനമുണ്ടാകും. നാളെ മുതല്‍ താപനില കൂടുതല്‍ താഴുകയും ആഴ്ചയുടെ മധ്യത്തോടെ താരതമ്യേന തണുത്ത കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും. മഴയ്‌ക്കൊപ്പം ചില മേഖലകളില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഓഗസ്റ്റ് 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ യുകെയുടെ പല ഭാഗങ്ങളിലും മഴയോ ചാറ്റല്‍മഴയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫിസിന്റെ ദീര്‍ഘകാല പ്രവചനം. ആഴ്ചയുടെ അവസാനത്തോടെ ചില ഉയര്‍ന്ന പ്രദേശങ്ങളിലും സംരക്ഷിത താഴ്വരകളിലും രാത്രിയിലെ താപനില ഒറ്റ അക്കത്തിലേക്ക് താഴിയേക്കാം. ചില പ്രദേശങ്ങളില്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്താനും സാധ്യതയുണ്ട്. എന്നാല്‍ രാജ്യവ്യാപകമായി ഇത്രയും കുറഞ്ഞ താപനില പ്രതീക്ഷിക്കുന്നില്ല.
മഴയും താപനിലയിലെ ഇടിവും കഴിഞ്ഞ ആഴ്ചകളായി കാട്ടുതീ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കും ആശ്വാസമാകും. മണ്ണിലും സസ്യജാലങ്ങളിലും ഈര്‍പ്പം വര്‍ധിക്കുന്നതോടെ തീപിടിത്ത സാധ്യതയും കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം, ഓഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബര്‍ ആദ്യത്തോടെയും കാലാവസ്ഥ വീണ്ടും മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാല്‍ നിലവിലെ ദീര്‍ഘകാല പ്രവചനങ്ങളില്‍ വ്യാപകമായ അസാധാരണ ചൂടിനേക്കാള്‍ വെയിലും മഴയും മാറിമാറിയുള്ള കാലാവസ്ഥയ്ക്കാണ് കൂടുതല്‍ സാധ്യത. സെപ്റ്റംബര്‍ ആദ്യവാരത്തെ കാലാവസ്ഥ സംബന്ധിച്ച് ഇപ്പോഴും കാര്യമായ അനിശ്ചിതത്വം തുടരുകയാണ്.