ലണ്ടന്‍/സ്വാന്‍സി: വെറും 11 വര്‍ഷം കൊണ്ട് ചെറിയൊരു വോഡ്ക സംരംഭത്തില്‍നിന്ന് ആഗോളതലത്തില്‍ ശ്രദ്ധേയമായ ബ്രാന്‍ഡായി വളര്‍ന്ന വെയില്‍സ് ആസ്ഥാനമായ 'ഓ വോഡ്ക'യുടെ ഉടമസ്ഥാവകാശം അമേരിക്കന്‍ മദ്യനിര്‍മാണ കമ്പനിയായ സതറാക്കിലേക്ക്. 'സതേണ്‍ കംഫര്‍ട്ട്', 'ബസ്ബോള്‍സ്' തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉടമയായ സതറാക്ക് സ്വാന്‍സി ആസ്ഥാനമായ ഓ വോഡ്കയെ ഏകദേശം 500 മില്യന്‍ പൗണ്ടിന് ഏറ്റെടുക്കാനൊരുങ്ങുകയാണ്. ഓ വോഡ്കയുടെ സഹസ്ഥാപകരായ ചാര്‍ലി മോര്‍ഗനും ജാക്‌സണ്‍ ക്വിന്നും ഇടപാടിലൂടെ 100 മില്യന്‍ പൗണ്ടിലധികം വീതം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. എന്നാല്‍ യുകെ വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ഇടപാട് സഹായിക്കുമെന്ന് സതറാക്ക് വ്യക്തമാക്കി. 2015ല്‍ ബാല്യകാല സുഹൃത്തുക്കളായ ചാര്‍ലി മോര്‍ഗനും ജാക്‌സണ്‍ ക്വിന്നും ചേര്‍ന്നാണ് ഓ വോഡ്കയ്ക്ക് തുടക്കമിട്ടത്. സ്വര്‍ണനിറത്തിലുള്ള തിളക്കമുള്ള കുപ്പികളും വ്യത്യസ്തമായ ബ്രാന്‍ഡിങ് രീതിയുമാണ് വളരെ വേഗത്തില്‍ കമ്പനിയുടെ മുഖമുദ്രയായി മാറിയത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ശക്തമായ പ്രചാരണവും സെലിബ്രിറ്റികളുടെ പിന്തുണയും ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് വലിയ കരുത്തായി.
ബോള്‍ ബോയിയില്‍നിന്ന് കോടീശ്വരനായ സംരംഭകനിലേക്ക്
ഓ വോഡ്കയുടെ സഹസ്ഥാപകന്‍ ചാര്‍ലി മോര്‍ഗന്‍ ആദ്യമായി ലോകശ്രദ്ധ നേടിയത് ബിസിനസിലൂടെയായിരുന്നില്ല. 2013ല്‍ 17 വയസ്സുള്ളപ്പോള്‍ സ്വാന്‍സി സിറ്റിയുടെ ബോള്‍ ബോയിയായിരുന്ന മോര്‍ഗന്‍, ചെല്‍സിക്കെതിരായ ഫുട്‌ബോള്‍ മത്സരത്തിനിടെ നടന്ന വിവാദ സംഭവത്തിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. മത്സരത്തിനിടെ പന്ത് തിരിച്ചെടുക്കാന്‍ ശ്രമിച്ച ചെല്‍സി താരം ഈഡന്‍ ഹസാര്‍ഡും മോര്‍ഗനും തമ്മില്‍ തര്‍ക്കമുണ്ടായി. പന്ത് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ ഹസാര്‍ഡിന്റെ കാല്‍ മോര്‍ഗന്റെ ശരീരത്തില്‍ തട്ടിയതിനെ തുടര്‍ന്ന് താരത്തിന് ചുവപ്പുകാര്‍ഡ് ലഭിച്ചു. പിന്നീട് ഹസാര്‍ഡ് സംഭവത്തില്‍ മാപ്പുപറഞ്ഞിരുന്നു. ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായ സംഭവത്തിന് പത്ത് വര്‍ഷത്തിനുശേഷം മോര്‍ഗനും ഹസാര്‍ഡും വീണ്ടും ഒന്നിക്കുകയും യൂട്യൂബ് വീഡിയോയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ഫുട്‌ബോള്‍ വിവാദത്തിലൂടെ ലഭിച്ച പ്രശസ്തിക്ക് അപ്പുറം മോര്‍ഗനും ക്വിന്നും ഓ വോഡ്കയെ വലിയൊരു ബിസിനസാക്കി മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കോവിഡ് മഹാമാരിക്ക് പിന്നാലെ റെഡി-ടു-ഡ്രിങ്ക് പാനീയങ്ങളുടെ വിപണി അതിവേഗം വളര്‍ന്നതോടെ കമ്പനി ഈ മേഖലയിലേക്കും ശക്തമായി കടന്നു.
സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയും വളര്‍ച്ചയ്ക്ക് കരുത്തായി
സെലിബ്രിറ്റി പ്രചാരണങ്ങള്‍ ഓ വോഡ്കയുടെ ജനപ്രീതി കുത്തനെ ഉയര്‍ത്തി. യൂട്യൂബ് താരവും ബോക്‌സറുമായ ജേക്ക് പോള്‍ ഓ വോഡ്ക കുപ്പിയുടെ രൂപം ശരീരത്തില്‍ ടാറ്റൂ ചെയ്തതും കമ്പനിയുടെ ശ്രദ്ധേയമായ പ്രചാരണങ്ങളിലൊന്നായി. ഐബസയിലെയും ദുബായിലെയും പ്രമുഖ പാര്‍ട്ടി വേദികളിലും സ്വര്‍ണനിറത്തിലുള്ള ഓ വോഡ്ക കുപ്പികള്‍ സ്ഥിരം സാന്നിധ്യമായി. വോഡ്കയ്ക്ക് പുറമെ റെഡി-ടു-ഡ്രിങ്ക് ക്യാനുകളും കമ്പനി വിപണിയിലെത്തിച്ചു. ഓ വോഡ്കയുടെ മുഖമുദ്രയായ സ്വര്‍ണനിറത്തിലുള്ള ബ്രാന്‍ഡിങ് നിലനിര്‍ത്തിയ ഈ ഉല്‍പന്നങ്ങളും യുവ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ജനപ്രീതി നേടി. യുകെയിലെ റെഡി-ടു-ഡ്രിങ്ക് വിപണിയില്‍ ബസ്ബോള്‍സിന് പിന്നാലെ ശ്രദ്ധേയമായ ബ്രാന്‍ഡുകളിലൊന്നായി ഓ വോഡ്ക വളര്‍ന്നു. 2025ല്‍ സ്വാന്‍സിയിലെ വ്യവസായ മേഖലയിലാണ് കമ്പനി പുതിയ ആസ്ഥാനം തുറന്നത്. സാധാരണ ഓഫിസ് കെട്ടിടത്തില്‍നിന്ന് വ്യത്യസ്തമായി ഒരുക്കിയ ആസ്ഥാനത്ത് സ്വര്‍ണനിറത്തില്‍ പൊതിഞ്ഞ കാറുകള്‍ നിറഞ്ഞ കാര്‍ പാര്‍ക്കും ഒന്‍പത് ഹോള്‍ മിനി ഗോള്‍ഫ് സൗകര്യവും ഉള്‍പ്പെടെ ഒരുക്കിയിരുന്നു. ബ്രിട്ടനു പുറത്തേക്കും കമ്പനി അതിവേഗം വ്യാപിച്ചു. പ്രത്യേകിച്ച് അമേരിക്കന്‍ വിപണിയെ കേന്ദ്രീകരിച്ചായിരുന്നു അടുത്തഘട്ട വളര്‍ച്ച. 2025ല്‍ ബിബിസി വെയില്‍സിനോട് സംസാരിക്കുമ്പോള്‍ അമേരിക്കയില്‍ ഇനിയും നിരവധി ആളുകള്‍ക്ക് ഓ വോഡ്കയെ പരിചയമില്ലെന്നും ലോകത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ബ്രാന്‍ഡ് എത്തിക്കുകയാണ് ലക്ഷ്യമെന്നും മോര്‍ഗന്‍ പറഞ്ഞിരുന്നു.
വളര്‍ച്ചയ്‌ക്കൊപ്പം വിവാദവും
വലിയ വളര്‍ച്ചയ്ക്കിടയിലും ഓ വോഡ്ക വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്നില്ല. 2025ല്‍ സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ 18 വയസ്സിന് താഴെയുള്ളവരെ മദ്യത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ബ്രിട്ടനിലെ പരസ്യ മാനദണ്ഡ അതോറിറ്റി കമ്പനിക്കെതിരെ നടപടി സ്വീകരിച്ചു. 'ലവ് ഐലന്‍ഡ്' താരത്തെ ഉള്‍പ്പെടുത്തിയ ടിക്ടോക്ക് പരസ്യം പിന്നീട് നിരോധിക്കുകയും ചെയ്തു. ഇതിനിടെയാണ് ഓ വോഡ്കയെ അമേരിക്കന്‍ കമ്പനിയായ സതറാക്ക് ഏറ്റെടുക്കാനുള്ള നീക്കം. വൈറല്‍ സോഷ്യല്‍ മീഡിയ ബ്രാന്‍ഡില്‍നിന്ന് കോടിക്കണക്കിന് പൗണ്ടിന്റെ ആഗോള ബിസിനസായി മാറിയ ഓ വോഡ്കയുടെ അടുത്ത അധ്യായം ഇനി സതറാക്കിന്റെ കീഴിലായിരിക്കും.
2015ല്‍ സ്വാന്‍സിയില്‍ രണ്ട് ബാല്യകാല സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച സംരംഭം 11 വര്‍ഷത്തിനിപ്പുറം ഏകദേശം 500 മില്യന്‍ പൗണ്ടിന്റെ ഏറ്റെടുക്കലിലേക്ക് എത്തുമ്പോള്‍, ചാര്‍ലി മോര്‍ഗന്റെയും ജാക്‌സണ്‍ ക്വിന്നിന്റെയും യാത്ര ബ്രിട്ടനിലെ സമീപകാലത്തെ ശ്രദ്ധേയമായ യുവ സംരംഭക വിജയകഥകളിലൊന്നായിരിക്കുകയാണ്.