വെയ്ല്‍സ്: നൂറ്റാണ്ട് പിന്നിട്ട ജീവിതത്തിന്റെ നിറവില്‍ 107-ാം പിറന്നാള്‍ ആഘോഷിച്ച് രണ്ടാം ലോകമഹായുദ്ധ സേനാനി ഓവന് ഫൈലര്‍. വെയ്ല്‍സില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ പുരുഷനായി അറിയപ്പെടുന്ന ഫൈലര്‍ ഒക്ടോബര്‍ 19നാണ് 107 വയസ്സ് പൂര്‍ത്തിയാക്കിയത്. ദക്ഷിണ വെയ്ല്‍സിലെ കുംബ്രാനിലാണ് അദ്ദേഹത്തിന്റെ താമസം. കഠിനാധ്വാനവും മിതമായ ഭക്ഷണശീലവുമാണ് തന്റെ ദീര്‍ഘായുസ്സിനു പിന്നിലെന്ന് ഫൈലര്‍ പറയുന്നു. ഇഷ്ടഭക്ഷണമായ 'ഫിഷ് ആന്‍ഡ് ചിപ്സ്' ജീവിതത്തിന്റെ ഭാഗമാണെങ്കിലും അമിതമായി ഭക്ഷണം കഴിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിട്ടയോടെ ജീവിക്കുന്നതിനപ്പുറം ദീര്‍ഘായുസ്സിന് പ്രത്യേക രഹസ്യമൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും സൈനികരും പങ്കെടുത്ത ആഘോഷത്തില്‍ ഫൈലറിന് സ്നേഹാദരങ്ങള്‍ അര്‍പ്പിച്ചു. ബ്രിട്ടനിലെ സൈനികക്ഷേമ സംഘടനയായ എസ്.എസ്.എ.എഫ്.എ. പ്രത്യേക സ്മാരകോപഹാരം നല്കി അദ്ദേഹത്തെ ആദരിച്ചു. നാല് മക്കളും പത്ത് കൊച്ചുമക്കളും പതിനഞ്ച് കൊച്ചുകൊച്ചുമക്കളുമുള്ള വലിയ കുടുംബമാണ് അദ്ദേഹത്തിന്റേത്. പ്രായമേറിയിട്ടും ജീവിതത്തോടുള്ള ആവേശം കൈവിടാതെ ഫൈലര്‍ സജീവമായി തുടരുകയാണെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു.