ലണ്ടന്‍: 'ബൊയേലോ' കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ നേരിട്ട യുകെയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മരങ്ങള്‍ കടപുഴകിവീണ് വടക്കന്‍ ലണ്ടനില്‍ ഇരുപതുവയസ്സിനടുത്തുള്ള യുവാവും സ്‌കോട്ലന്‍ഡിലെ ഡംഫ്രീസ് ആന്‍ഡ് ഗാലോവേയില്‍ അറുപതുകാരനും മരിച്ചു. ഞായറാഴ്ച വൈകുന്നേരത്തെ കണക്കുപ്രകാരം ഏകദേശം 90,000 വീടുകളും മറ്റു കെട്ടിടങ്ങളും വൈദ്യുതിയില്ലാതെ തുടരുകയായിരുന്നു. തകര്‍ന്ന വൈദ്യുതി ലൈനുകള്‍ നന്നാക്കാന്‍ എന്‍ജിനീയര്‍മാരുടെ സംഘങ്ങള്‍ രംഗത്തുണ്ടെങ്കിലും വെള്ളക്കെട്ടും വീണ മരങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.
സ്‌കോട്ലന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും ഗതാഗത സംവിധാനങ്ങള്‍ക്കും കാര്യമായ തിരിച്ചടിയേറ്റു. റോഡുകളിലെയും റെയില്‍പാതകളിലെയും തടസ്സങ്ങള്‍ നീക്കുന്നതിനൊപ്പം കേടായ വൈദ്യുതി സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. യാത്രയ്ക്കുമുമ്പ് സര്‍വീസുകളുടെ പുതുക്കിയ വിവരങ്ങള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വൈദ്യുതി മുടക്കത്തെത്തുടര്‍ന്ന് അബര്‍ഡീന്‍ഷെയറിലെ അഞ്ച് പ്രൈമറി സ്‌കൂളുകള്‍ തിങ്കളാഴ്ച അടച്ചിട്ടു. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ എല്ലോണ്‍ അക്കാദമിയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ലാര്‍ഗ്‌സ്, സാള്‍ട്ട്കോട്ട്‌സ് തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ദുരിതബാധിത മേഖലകള്‍ സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ചൊവ്വാഴ്ച വീണ്ടും കാറ്റും മഴയും ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് വടക്കന്‍ ഇംഗ്ലണ്ട്, സ്‌കോട്ലന്‍ഡ്, വടക്കുകിഴക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.