Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 27th Oct 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്; നവംബര്‍ 25, 26 തീയതികളില്‍ ചികിത്സകള്‍ തടസ്സപ്പെട്ടേക്കും
reporter

ലണ്ടന്‍: ശമ്പളവും ജോലിസമയവും സംബന്ധിച്ച തര്‍ക്കത്തില്‍ ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍ രണ്ടുദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. നവംബര്‍ 25, 26 തീയതികളിലാണ് സമരം. ശൈത്യകാലത്തെ രോഗികളുടെ തിരക്ക് വര്‍ധിക്കുന്നതിനിടെ നടക്കുന്ന പണിമുടക്ക് ആശുപത്രി സേവനങ്ങളെ സാരമായി ബാധിക്കുമെന്ന് എന്‍എച്ച്എസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സമരദിവസങ്ങളില്‍ ക്രിസ്മസ് ദിനത്തിലേതിന് സമാനമായ പരിമിത സേവനങ്ങളാകും ആശുപത്രികളില്‍ ലഭ്യമാകുക. അടിയന്തര ചികിത്സകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ചികിത്സകളും മറ്റ് സേവനങ്ങളും തടസ്സപ്പെട്ടേക്കും.

സര്‍ക്കാരുമായി 18 മാസമായി ചര്‍ച്ച നടത്തിയിട്ടും പ്രധാന ആവശ്യങ്ങളില്‍ ധാരണയിലെത്താനായില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അറിയിച്ചു. 2009-10 കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ പണപ്പെരുപ്പം കണക്കിലെടുത്തുള്ള ശമ്പളത്തിന്റെ യഥാര്‍ഥ മൂല്യം 25 ശതമാനം കുറഞ്ഞെന്നാണ് സംഘടനയുടെ വാദം. ഈ നഷ്ടം പരിഹരിക്കുന്നതിനൊപ്പം ജോലിസമയം പത്ത് ശതമാനം കുറയ്ക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ ശരാശരി വാര്‍ഷിക വരുമാനം 1.52 ലക്ഷം പൗണ്ടാണ്.

ഡോക്ടര്‍മാരുടെ ആശങ്കകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ബിഎംഎ ആരോപിച്ചു. അടുത്ത വര്‍ഷത്തേക്ക് വാഗ്ദാനം ചെയ്ത 2.4 ശതമാനം ശമ്പളവര്‍ധന പണപ്പെരുപ്പത്തേക്കാള്‍ വളരെ കുറവാണെന്നും ഇതാണ് സമരപ്രഖ്യാപനത്തിലേക്ക് നയിച്ച അവസാന കാരണമെന്നും സംഘടന വ്യക്തമാക്കി. അതേസമയം, ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നതിനിടെ സമരം പ്രഖ്യാപിച്ചത് നിരാശാജനകമാണെന്ന് എന്‍എച്ച്എസ് അലയന്‍സ് മേധാവി സിയാറന്‍ ഡിവെയ്ന്‍ പ്രതികരിച്ചു. അറുപത് ലക്ഷത്തിലധികം രോഗികള്‍ എഴുപത് ലക്ഷത്തിലേറെ ചികിത്സകള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 
Other News in this category

 
 




 
Close Window