ലണ്ടന്‍: താമസസൗകര്യങ്ങളിലെ അപര്യാപ്തതയും ഉയര്‍ന്ന വാടകയും ചൂണ്ടിക്കാട്ടി ബ്രിട്ടനില്‍ കൂടുതല്‍ വാടകക്കാര്‍ നിയമനടപടിയിലേക്ക്. പൂപ്പല്‍ പിടിച്ച കുളിമുറികള്‍, തകരാറിലായ വാതിലുകള്‍, ചൂടുവെള്ളത്തിന്റെ അഭാവം തുടങ്ങിയ പരാതികള്‍ക്കിടെയാണ് വാടകവര്‍ധന ചോദ്യം ചെയ്ത് ഫസ്റ്റ് ടയര്‍ ട്രൈബ്യൂണലിനെ സമീപിക്കുന്നവരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. റെന്റേഴ്സ് റൈറ്റ്സ് ആക്ടിന്റെ ഭാഗമായി മേയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ അവസാനംവരെ 126 കേസുകളിലാണ് വിധി പ്രസിദ്ധീകരിച്ചത്. ഇതില്‍ 45 കേസുകളില്‍ വീട്ടുടമകള്‍ ആവശ്യപ്പെട്ട വര്‍ധന അംഗീകരിച്ചു. 52 കേസുകളില്‍ ആവശ്യപ്പെട്ടതിലും കുറഞ്ഞ വര്‍ധനയാണ് അനുവദിച്ചത്. ശേഷിച്ച 29 കേസുകളില്‍ വാടകവര്‍ധന പൂര്‍ണമായി നിരസിച്ചു.
പ്രതിമാസം 17 പൗണ്ട് വാടക കൂട്ടാനുള്ള നീക്കം ചോദ്യം ചെയ്ത ഒരു താമസക്കാരന് നിലവിലെ വാടകയില്‍ 200 പൗണ്ടിന്റെ കുറവ് ലഭിച്ച സംഭവവും റിപ്പോര്‍ട്ടിലുണ്ട്. വിപണിനിരക്കിനെക്കാള്‍ ഉയര്‍ന്ന വാടക ആവശ്യപ്പെടുന്നത് ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യാനുള്ള അവസരമാണ് താമസക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. സെക്ഷന്‍ 21 പ്രകാരം കാരണം വ്യക്തമാക്കാതെ ഒഴിപ്പിക്കാനുള്ള അധികാരം ഒഴിവാക്കിയതും പരാതിയുമായി മുന്നോട്ടുവരാന്‍ കൂടുതല്‍ പേര്‍ക്ക് പ്രേരണയായെന്നാണ് വിലയിരുത്തല്‍. ട്രൈബ്യൂണലിന്റെ തീരുമാനമുണ്ടാകുന്നതുവരെ നിര്‍ദിഷ്ട വാടകവര്‍ധന നടപ്പാക്കുന്നത് നീളും. ചില കേസുകളില്‍ തീര്‍പ്പിന് മാസങ്ങളെടുക്കുന്നത് വീട്ടുടമകള്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.