ലണ്ടന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും വിദ്യാര്‍ത്ഥികളെയും നേരിട്ട് ബാധിക്കുന്നതായാണ് യുകെ സര്‍ക്കാര്‍ 2025-ലെ ഇമിഗ്രേഷന്‍ ധവളപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത്. മികച്ച വിദ്യാഭ്യാസവും അതിന് ശേഷമുള്ള തൊഴില്‍ അവസരങ്ങളും ലക്ഷ്യമിട്ട് യുകെയിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരികയാണ്. അതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ക്കായി വരുന്ന കുടിയേറ്റക്കാര്‍ക്കും ബാധകമായ വിസ, സെറ്റില്‍മെന്റ് നിയമങ്ങളിലാണ് പ്രധാന മാറ്റങ്ങള്‍ വരുത്തുന്നത്. പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ 2025-ലെ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള കൃത്യമായ സമയപരിധി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
യുകെയിലെ കുടിയേറ്റ നയങ്ങള്‍ക്കുള്ള ഈ മാറ്റങ്ങള്‍, രാജ്യത്തെ തൊഴില്‍ വിപണിയെയും വിദ്യാഭ്യാസ മേഖലയെയും നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍, പുതിയ വിസ അപേക്ഷകരും നിലവിലുള്ള കുടിയേറ്റക്കാരും കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും.