ഡബ്ലിന്‍: അമേരിക്കയിലെ പനാമ സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര റോബോട്ടിക്‌സ് ഒളിംപ്യാഡ് ഫൈനലില്‍ അയര്‍ലന്‍ഡ് ദേശീയ ടീം ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തെത്തി. ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മലയാളി വിദ്യാര്‍ഥികളായ അമല്‍ രാജേഷും, ജോയല്‍ ഇമ്മാനുവേലും ഉള്‍പ്പെടെ ഏഴ് അംഗങ്ങളാണ് അയര്‍ലന്‍ഡ് ടീമില്‍ പങ്കെടുത്തത്.
ലോകത്തെ ഏറ്റവും വലിയ 14 എഞ്ചിനീയറിങ് വെല്ലുവിളികളില്‍ ഒന്നിനെ അടിസ്ഥാനമാക്കിയുള്ള 'ഗ്ലോബല്‍ ചലഞ്ച്' തീമിലായിരുന്നു ഈ വര്‍ഷത്തെ മത്സരം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ റോബോട്ടിക്‌സുമായി സംയോജിപ്പിച്ച്, ലോകത്തെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ റോബോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുകയും പ്രോഗ്രാം ചെയ്യുകയും ചെയ്യുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.
ഓരോ റൗണ്ടിലും തങ്ങളുടെ റോബോട്ടിനെ വിജയകരമായി നാവിഗേറ്റ് ചെയ്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ഫലമായാണ് അയര്‍ലന്‍ഡ് ടീമിന് എട്ടാം സ്ഥാനം ലഭിച്ചത്. ടീമില്‍ പങ്കെടുക്കാനും കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അമലും ജോയലും പറഞ്ഞു. രാജ്യത്തെ ജനങ്ങളോടുള്ള നന്ദിയും അവര്‍ അറിയിച്ചു.
അമല്‍ ലൂക്കന്‍ ലിഫിയില്‍ താമസിക്കുന്ന കംപ്യൂട്ടര്‍ എഞ്ചിനീയര്‍ രാജേഷിന്റെയും നഴ്‌സ് പ്രാക്ടീഷണര്‍ ബെറ്റ്‌സിയുടെയും മകനാണ്. ജോയല്‍ സ്‌പൈസ് വില്ലേജ് ഹോട്ടല്‍ ശൃംഖലയുടമ ഇമ്മാനുവേലിന്റെയും കൂമ്പ് ഹോസ്പിറ്റല്‍ നഴ്‌സ് മാനേജര്‍ റീത്തയുടെയും മകനാണ്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ദേശീയ ടീമിന് ഉജ്വല വരവേല്‍പ്പ് നല്‍കി. ഇവരുടെ വിജയം അയര്‍ലന്‍ഡ് മലയാളി സമൂഹത്തിനും അഭിമാനമായി.