ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസില്‍ നടത്തിയ യാത്രയുടെ അനുഭവം പങ്കുവച്ച് ഒരു ബ്രിട്ടീഷ് കുടുംബം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹച്ചിന്‍സണ്‍ കുടുംബം ഷെയര്‍ ചെയ്ത വീഡിയോയില്‍ ദമ്പതികളും കുട്ടികളും നാല് മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ട്രെയിനില്‍ ലഭിച്ച ലഘുഭക്ഷണം ആസ്വദിക്കുന്നതും അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതുമാണ് കാണുന്നത്.
'നാലുപേരുടെ ടിക്കറ്റിന് ഏകദേശം ഓരോരുത്തര്‍ക്കും 11 പൗണ്ട് (ഏകദേശം ?1,273) ചിലവായി. ഈ തുകയ്ക്ക് ഭക്ഷണവും ഉള്‍പ്പെടുന്നു. പെണ്‍കുട്ടികള്‍ക്ക് ഇതിനകം ഭക്ഷണം കിട്ടിയിരുന്നു,' എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്.
ഭക്ഷണ ട്രേയില്‍ ഡയറ്റ് മിക്‌സ്ചര്‍, കാരമല്‍ പോപ്കോണ്‍, പാറ്റി, മാംഗോ ജ്യൂസ്, ജിഞ്ചര്‍ ടീ സാഷെ എന്നിവയായിരുന്നു. ഓരോ പാക്കറ്റും കൗതുകത്തോടെയാണ് അവര്‍ പരിശോധിച്ചത്. 'ഇന്ത്യന്‍ ട്രെയിനിലെ ഭക്ഷണം! നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? ചായപ്പൊടിയെ കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു, പക്ഷേ പിന്നീട് ചൂടുവെള്ളം വന്നു. അതിനുശേഷം അത് വളരെ രുചികരമായി തോന്നി,' എന്നാണ് ഇന്‍സ്റ്റാഗ്രാം കുറിപ്പ്.
വീഡിയോയില്‍ ട്രെയിനില്‍ ലഭിച്ച സേവനങ്ങള്‍ ദമ്പതികളെ ആശ്ചര്യപ്പെടുത്തുന്നതായി വ്യക്തമാണ്. ഈ വിലയ്ക്ക് ലഭിച്ച സേവനം മികച്ചതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 1.4 മില്ല്യണിലധികം ആളുകള്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. 'ഇന്ത്യയെ കുറിച്ച് നല്ല കാര്യങ്ങള്‍ പങ്കുവെച്ചതിന് നന്ദി' എന്നായിരുന്നു മിക്ക കമന്റുകളും.