Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6453 INR  1 EURO=102.5536 INR
ukmalayalampathram.com
Sat 08th Nov 2025
 
 
UK Special
  Add your Comment comment
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വര്‍ണവിവേചന അതിക്രമം; മലയാളി കുടുംബത്തിന്റെ കാറ് കത്തി നശിച്ചു
reporter

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ ഡെറി കൗണ്ടിയില്‍ വീണ്ടും വര്‍ണവിവേചന അതിക്രമം. ലിമാവാഡിയിലെ ഐറിഷ് ഗ്രീന്‍ സ്ട്രീറ്റ് പ്രദേശത്ത് താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അഗ്‌നിക്കിരയായത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചതായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പൊലീസ് സര്‍വീസ് അറിയിച്ചു. സമീപത്തെ ചെടികള്‍ക്കും മറ്റ് വസ്തുക്കള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫൂട്ടേജുകളും ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെ അപലപിച്ച് ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി (DUP) കൗണ്‍സിലര്‍ ആരോണ്‍ ക്യാലന്‍ പ്രതികരിച്ചു. ഇത്തരം അതിക്രമങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ലിമാവാഡി എല്ലാവരെയും സ്വീകരിക്കുന്ന നഗരമാണെന്നും വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളി വാട്സാപ്പ് ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ കഴിഞ്ഞയാഴ്ച മറ്റൊരു കുടുംബത്തിന്റെ കാറിന്റെ നാലു ടയറുകളും കുത്തിപ്പൊട്ടിച്ച സംഭവവും രേഖപ്പെടുത്തിയിട്ടുണ്ട്. അതിക്രമങ്ങള്‍ കുടിയേറ്റക്കാര്‍ക്കെതിരെയാണെന്നു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഗ്രൂപ്പ് അംഗങ്ങള്‍ മലയാളി കുടുംബങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്.

ലണ്ടന്‍ ഡെറി കൗണ്ടിയില്‍ അടുത്തിടെയായി വര്‍ണവിവേചന അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കോളറൈനില്‍ മലയാളി യുവാക്കള്‍ക്കെതിരെ നേരത്തെ ആക്രമണമുണ്ടായതായും ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രി റെയില്‍വേ സ്റ്റേഷനില്‍ ചികിത്സയ്‌ക്കെത്തിയ മലയാളി മധ്യവയസ്‌കനെതിരെ യുവാക്കള്‍ ആക്രമണം അഴിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്. വൃക്കരോഗിയുമായിരുന്ന ഇദ്ദേഹം ശസ്ത്രക്രിയയ്ക്കായി എത്തിയപ്പോഴായിരുന്നു ക്രൂരമായ ആക്രമണം. ഡൊണഗല്‍ റോഡില്‍ നടന്ന ഈ സംഭവത്തെ ഗുരുതരമായി പൊലീസ് വിലയിരുത്തിയിട്ടുണ്ട്.

അതേസമയം, ഡൊണഗല്‍ റോഡില്‍ വ്യാപാര സ്ഥാപനത്തില്‍ നടന്ന ആക്രമണവും മോഷണവും ഉള്‍പ്പെടെ അഞ്ചിലേറെ വര്‍ണവിവേചന അതിക്രമങ്ങളില്‍ 12 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ ഉള്‍പ്പെടെ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവങ്ങളില്‍ കേസെടുത്ത് അന്വേഷണം പുരോഗമിച്ചെങ്കിലും പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 
Other News in this category

 
 




 
Close Window