ലണ്ടന്‍: ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സി (MHRA)യുടെ ആദ്യത്തെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി മലയാളിയായ പ്രൊഫസര്‍ ജേക്കബ് ജോര്‍ജ് നിയമിതനായി. ശാസ്ത്രീയ മികവ് ഉറപ്പാക്കാനും ഭാവിയിലെ ആരോഗ്യ റെഗുലേഷനുകള്‍ക്ക് ദിശനല്‍കാനും സഹായിക്കുന്ന സുപ്രധാന തസ്തികയിലേക്കാണ് അദ്ദേഹത്തെ നിയമിച്ചത്.
യൂണിവേഴ്‌സിറ്റി ഓഫ് ഡണ്ടീ മെഡിക്കല്‍ സ്‌കൂളില്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍ ആന്‍ഡ് തെറപ്യുററ്റിക്സ് വിഭാഗത്തിലെ പ്രൊഫസറായാണ് അദ്ദേഹം നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ എന്‍എച്ച് ടെയ്സൈഡില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായും കാര്‍ഡിയോവാസ്‌കുലര്‍ റിസ്‌ക് സര്‍വീസിന്റെ ക്ലിനിക്കല്‍ ലീഡായും സേവനം അനുഷ്ഠിക്കുന്നു.
മലേഷ്യയില്‍ ജനനം, ബ്രിട്ടനില്‍ വിദ്യാഭ്യാസം
മലേഷ്യയില്‍ താമസമാക്കിയ മലയാളി ദമ്പതികളുടെ മകനായി ജനിച്ച ജേക്കബ് ജോര്‍ജ് ബ്രിട്ടനിലാണ് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ക്ലിനിക്കല്‍ ഫാര്‍മക്കോളജിയിലും ജനറല്‍ ഇന്റേണല്‍ മെഡിസിനിലും അദ്ദേഹം യോഗ്യത നേടിയിട്ടുണ്ട്.
ആരോഗ്യരംഗത്തെ നയനിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക്
പൊതുജനാരോഗ്യ പരിപാലനത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന MHRA, ആരോഗ്യരംഗത്തെ ഇന്നോവേഷനുകള്‍ ത്വരിതപ്പെടുത്തുന്നതിലും പ്രധാന പങ്കാളിയാണ്. ''ഇത്രയും നിര്‍ണായകമായ ഒരു ഘട്ടത്തില്‍ MHRAയില്‍ ചേരുന്നത് അഭിമാനകരമാണ്,'' - നിയമനത്തെ കുറിച്ച് പ്രതികരിച്ച പ്രൊഫ. ജേക്കബ് ജോര്‍ജ് പറഞ്ഞു.
അന്താരാഷ്ട്ര അംഗീകാരം
റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് എഡിന്‍ബര്‍ഗ്, യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി, ബ്രിട്ടീഷ് ഹൈപ്പര്‍ടെന്‍ഷന്‍ സൊസൈറ്റി എന്നിവയില്‍ ഫെലോഷിപ്പ് ഉള്ള വ്യക്തിയാണ് അദ്ദേഹം. യുക്രൈനിലെ നിപ്രോ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ്.
യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡ്, ഡണ്ടീ എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അദ്ദേഹം സ്‌കോട്ടിഷ് ഗവണ്‍മെന്റിന്റെ ആക്‌സസ് ടു മെഡിസിന്‍സ്, ഹോറിസോണ്‍ സ്‌കാനിംഗ് അഡൈ്വസറി ബോര്‍ഡ് എന്നിവയുടെ ചെയര്‍പേഴ്‌സണും, സ്‌കോട്ടിഷ് മെഡിസിന്‍സ് കണ്‍സോര്‍ഷ്യത്തിന്റെ ദേശീയ അദ്ധ്യക്ഷനുമാണ്.