ലണ്ടന്‍: ശമ്പളവര്‍ധന ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പുതിയ ശമ്പള ഓഫര്‍ തള്ളിയതിനെ തുടര്‍ന്ന്, വിന്റര്‍ കാലത്ത് ജനങ്ങള്‍ എത്ര ബുദ്ധിമുട്ടിയാലും സമരം തുടരുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (BMA) പ്രഖ്യാപിച്ചു. നവംബര്‍ 14 മുതല്‍ 19 വരെ അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്കുമെന്ന തീരുമാനം സമരത്തെ കൂടുതല്‍ കടുപ്പിക്കുന്നു.
സ്ട്രീറ്റിംഗിന്റെ വിമര്‍ശനം
രാജ്യത്തെ ബന്ദികളാക്കി നിര്‍ത്തുകയാണ് ഡോക്ടര്‍മാരെന്ന് സ്ട്രീറ്റിംഗ് ആരോപിച്ചു. '28.9% ശമ്പളവര്‍ധനയെ വെറും 'കഷ്ണങ്ങള്‍' എന്ന നിലയിലാണ് BMA കാണുന്നത്. നികുതിദായകരുടെ ത്യാഗങ്ങള്‍ അവഗണിക്കപ്പെടുന്നു. എന്‍എച്ച്എസിലെ മറ്റ് ജീവനക്കാരോട് ഉള്ള ഉത്തരവാദിത്വം അവര്‍ക്കില്ല. ഈ പെരുമാറ്റത്തിന് കീഴടങ്ങാന്‍ കഴിയില്ല,'' - സ്ട്രീറ്റിംഗ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സമരം ഒഴിവാക്കാന്‍ ശ്രമം പരാജയം
ബുധനാഴ്ച BMAയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ സമര്‍പ്പിച്ചെങ്കിലും, അതിനെ 'അപൂര്‍ണ്ണം' എന്ന് വിശേഷിപ്പിച്ച ഡോ. മെലിസ റയാന്‍ നാല് മണിക്കൂറിനുള്ളില്‍ പ്രതികരണം അറിയിക്കുകയായിരുന്നു. 5.4% ശമ്പളവര്‍ധനയ്ക്ക് പുറമെ, കൂടുതല്‍ സ്പെഷ്യാലിറ്റി ട്രെയിനിംഗ് സീറ്റുകള്‍, നിര്‍ബന്ധിത പരീക്ഷാ ചെലവുകള്‍, മെംബര്‍ഷിപ്പ് ഫീസ് എന്നിവ സര്‍ക്കാര്‍ വഹിക്കുമെന്ന് പുതിയ ഓഫറില്‍ വ്യക്തമാക്കിയിരുന്നു.
പഴയ വാദങ്ങള്‍ വീണ്ടും
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 28.9% ശമ്പളവര്‍ധന ഡോക്ടര്‍മാര്‍ക്ക് ലഭിച്ചതായി സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിക്കുന്നു. യൂണിയനോട് വഴങ്ങുന്നത് തുടര്‍ച്ചയായ സമരങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് സമരത്തിന് പിന്തുണ നല്‍കിയ ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
വിന്റര്‍ കാലത്ത് എന്‍എച്ച്എസിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കാനിടയുള്ള സമരം, ആരോഗ്യരംഗത്തെ ആശങ്കകള്‍ കൂടുതല്‍ ശക്തമാക്കുന്നു.