ലണ്ടന്‍: നഴ്സിങ് ആന്‍ഡ് മിഡ് വൈഫൈറി കൗണ്‍സില്‍ (NMC) പത്ത് വര്‍ഷത്തിനുശേഷം ആദ്യമായി രജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം തുടങ്ങി. നവംബര്‍ 3 മുതല്‍ ആരംഭിച്ച 12 ആഴ്ച നീളുന്ന പൊതുചര്‍ച്ച ജനുവരി 26ന് അവസാനിക്കും. ഫീസ് മാറ്റമില്ലാതെ തുടരുന്നതിനാല്‍ കൗണ്‍സിലിന്റെ വരുമാനം 28% കുറഞ്ഞതായും 180 മില്യണ്‍ പൗണ്ടിന്റെ നഷ്ടം ഉണ്ടായതായും എന്‍എംസി വ്യക്തമാക്കി.
നിലവില്‍ 120 പൗണ്ടായുള്ള വാര്‍ഷിക ഫീസ് 143 പൗണ്ടാക്കാനാണ് നിര്‍ദ്ദേശം. അന്തര്‍ദേശീയ അപേക്ഷകരും അധിക യോഗ്യതകള്‍ ചേര്‍ക്കുന്നവരും കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 19 മില്യണ്‍ പൗണ്ടും ഈ വര്‍ഷം 27 മില്യണ്‍ പൗണ്ടും കുറവ് വരുമാനം പ്രതീക്ഷിക്കുന്നതിനാല്‍ റിസര്‍വ് ഫണ്ടുകള്‍ ഉപയോഗിക്കുകയാണ് എന്‍എംസി. ചെലവു ചുരുക്കി 3.1 മില്യണ്‍ പൗണ്ട് ലാഭിക്കാനുള്ള പദ്ധതിയും മുന്നോട്ടുവച്ചിട്ടുണ്ട്.
ഫീസ് വര്‍ധനയുടെ ലക്ഷ്യം സംഘടനയുടെ സാമ്പത്തിക ഉറപ്പും നഴ്സിങ് വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ്. ചര്‍ച്ചയ്ക്ക് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
2015ല്‍ 6,86,782 പേരായിരുന്നു എന്‍എംസി രജിസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 8,53,707 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018 മുതല്‍ നിലവില്‍ വന്ന നഴ്സിങ് അസിസ്റ്റന്‍സുമാരും ഇതില്‍ ഉള്‍പ്പെടുന്നു.
ബ്രിട്ടനിലെ തൊഴില്‍ക്ഷമത പ്രായപരിധിയിലുള്ളവരെ നിയന്ത്രിക്കുന്ന 50 റെഗുലേറ്റര്‍മാരില്‍ ഒന്നായ എന്‍എംസി, ലോകത്തിലെ തന്നെ ഏറ്റവും വലിയ മെഡിക്കല്‍ പ്രൊഫഷണല്‍ രജിസ്റ്ററുകളില്‍ ഒന്നാണ്. യു കെയിലെ 99 അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും എന്‍എംസി വഹിക്കുന്നു. ഇവയിലൂടെയാണ് 1,15,000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ 2,757ല്‍ കൂടുതല്‍ പ്രോഗ്രാമുകളില്‍ പഠിക്കുന്നത്.
നഴ്സുമാരുടെയും മിഡൈ്വഫുമാരുടെയും പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കൂടുന്നത് പ്രവര്‍ത്തന സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതായും എന്‍എംസി വ്യക്തമാക്കുന്നു. 2023-24 കാലഘട്ടത്തില്‍ ലഭിച്ച വരുമാനത്തേക്കാള്‍ 1.1 മില്യണ്‍ പൗണ്ട് അധികം ചെലവാക്കേണ്ടി വന്നതായും ഈ വര്‍ഷം 27 മില്യണ്‍ പൗണ്ടിന്റെ കമ്മി പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ചെലവ് ചുരുക്കുന്നതിനായി ജീവനക്കാരുടെ എണ്ണം 10% കുറയ്ക്കാനും വേതനേതര ചെലവുകളില്‍ പ്രതിവര്‍ഷം 3.1 മില്യണ്‍ പൗണ്ട് ലാഭിക്കാനുമുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. എന്‍എംസിയുടെ പ്രവര്‍ത്തന ചെലവില്‍ 97% വരുമാനം ഫീസുകളില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാല്‍ ഫീസ് വര്‍ധിപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു.
നഴ്സുമാര്‍, മിഡൈ്വഫുമാര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി ഏവര്‍ക്കും കണ്‍സള്‍ട്ടേഷനില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.