ലണ്ടന്‍: ജെഫ്രി എപ്സ്റ്റീനുമായി സൗഹൃദമുള്ള പീറ്റര്‍ മണ്ടേല്‍സനെ അമേരിക്കന്‍ അംബാസഡറായി നിയമിച്ചതില്‍ ഇരകളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മാപ്പ് ചോദിച്ചു. എപ്സ്റ്റീനുമായി നേരിയ പരിചയം മാത്രമാണുണ്ടെന്ന് മണ്ടേല്സന് പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് നിയമനം നടന്നതെന്നും, അത് കളവായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞതോടെ ക്ഷമ ചോദിക്കുന്നുവെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
മണ്ടേല്സന് എപ്സ്റ്റീനുമായി സൗഹൃദമുണ്ടായിരുന്നുവെന്ന രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍, പുതിയ രേഖകളില്‍ ഇരുവരും ഉറ്റ സൗഹൃദത്തിലായിരുന്നുവെന്ന വെളിപ്പെടുത്തല്‍ സ്റ്റാര്‍മറിന് കൂടുതല്‍ സമ്മര്‍ദം സൃഷ്ടിച്ചിരിക്കുകയാണ്.
നിയമനത്തിലെ വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് മാപ്പ് ചോദിച്ച സ്റ്റാര്‍മറിന്റെ നടപടി, വിഷയത്തില്‍ സര്‍ക്കാരിന് നേരിടുന്ന രാഷ്ട്രീയ സമ്മര്‍ദം കുറയ്ക്കുമോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്