രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞുമൊത്ത് ഇന്ത്യയിലുടനീളം യാത്ര നടത്തിയ ബ്രിട്ടീഷ് ദമ്പതികള്‍ ഇന്ത്യന്‍ റെയില്‍വേയുടെ യാത്രാസൗകര്യങ്ങളെയും ഇന്ത്യക്കാരുടെ അതിഥിസല്ക്കാരത്തെയും പ്രശംസിച്ച് രംഗത്തെത്തി. നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് ഏറ്റവും മികച്ച മാര്‍ഗം ഇന്ത്യന്‍ റെയില്‍വേയാണെന്നാണ് ഇവരുടെ അഭിപ്രായം. 'രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഇന്ത്യയില്‍ യാത്ര ചെയ്ത അനുഭവങ്ങള്‍' എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വ്യാപക ശ്രദ്ധ നേടുകയാണ്. യാത്രയ്ക്കിടയില്‍ ലഭിച്ച സൗകര്യങ്ങളും ഇന്ത്യക്കാര്‍ കുട്ടികളോടു കാണിച്ച സ്നേഹവും ദമ്പതികള്‍ വീഡിയോയില്‍ വിശദീകരിക്കുന്നു. ഹാസല്‍ ലിന്‍ഡ്സെയും മാര്ട്ടിന് ബെയ്ലിയും തങ്ങളുടെ കുഞ്ഞായ അലക്സാണ്ടറുമൊത്തുള്ള ട്രെയിന്‍ യാത്ര ഇന്ത്യാ സന്ദര്‍ശനത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് പറഞ്ഞു. ''ഇന്ത്യന്‍ റെയില്‍വേ യാത്രകള്‍ ഞങ്ങള്‍ക്കു പണ്ടുമുതലേ വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ മകന് ജനിച്ചതിന് ശേഷവും അവനും ഈ അനുഭവം ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു,'' ദമ്പതികള്‍ വ്യക്തമാക്കി.
ട്രെയിനുകള്‍ മിക്കവാറും കൃത്യസമയത്ത് ഓടുന്നതും മൊബൈല്‍ സംവിധാനങ്ങളിലൂടെ ടിക്കറ്റ് എളുപ്പത്തില്‍ ബുക്ക് ചെയ്യാനാകുന്നതും ഇവര്‍ എടുത്തുപറഞ്ഞു. ചില റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്കുണ്ടെങ്കിലും ലിഫ്റ്റുകളും ചുമട്ടുതൊഴിലാളികളും യാത്ര കൂടുതല്‍ സുഗമമാക്കുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു. വലിയ തോതില്‍ ബാഗേജുകളുമായി യാത്ര ചെയ്തിരുന്നെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ സജീവമായ അന്തരീക്ഷം കുഞ്ഞിനും ഏറെ ഇഷ്ടമായിരുന്നുവെന്നാണ് ലിന്‍ഡ്സെയുടെ വാക്കുകള്‍. ഓട്ടോറിക്ഷയിലൂടെയുള്ള യാത്രയ്ക്കിടയിലും ഭക്ഷണം കഴിക്കുമ്പോഴും കുഞ്ഞ് ബേബി കാരിയറില്‍ കിടന്ന് സുഖമായി ഉറങ്ങുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ''കാണുന്നവര്‍ക്കെല്ലാം കുഞ്ഞിനെക്കുറിച്ച് അറിയാന്‍ താല്പര്യം കാണിച്ചിരുന്നു. പലരും അടുത്തെത്തി കുഞ്ഞിനെ എടുക്കാന്‍ പോലും ആഗ്രഹിച്ചു. അതെല്ലാം ഞങ്ങള്‍ വളരെ പോസിറ്റീവായിട്ടാണ് കണ്ടത്,'' ലിന്‍ഡ്സെ പറഞ്ഞു.
കുട്ടികളുമായി എത്തുന്നവരെ ഇന്ത്യ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്നും ദമ്പതികള്‍ വ്യക്തമാക്കി. ചില ഭക്ഷണശാലകളില്‍ കുഞ്ഞിന് കിടക്കാനായി ചെറിയ തൊട്ടിലുകള്‍ വരെ മേശയ്ക്കരികില്‍ എത്തിച്ചു നല്കിയ അനുഭവവും അവര്‍ പങ്കുവെച്ചു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ''ഒരു കുട്ടിയെ വളര്‍ത്താന്‍ ഒരു ഗ്രാമം മുഴുവന്‍ വേണമെന്നാണ് പറയുന്നത്; ഇന്ത്യ അത്തരമൊരു ഗ്രാമമാണ്,'' എന്നായിരുന്നു ഒരാളുടെ പ്രതികരണം. ''ഭക്ഷണ മേശയ്ക്കരികിലേക്ക് കുഞ്ഞിന് തൊട്ടില് എത്തിച്ചു നല്‍കുന്നത് അത്ഭുതകരമായ അനുഭവമാണ്,'' എന്നും മറ്റൊരാള്‍ കുറിച്ചു.