ബ്രിട്ടീഷ് പ്രധാനമന്ത്രി Keir Starmerനെതിരെ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി മുന്‍ ആരോഗ്യ സെക്രട്ടറി Wes Streeting. ഭാവിയില്‍ നേതൃ തിരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ആശയ പോരാട്ടവും നയപരമായ തുറന്ന ചര്‍ച്ചകളും ആവശ്യമാണെന്ന് വെസ് സ്ട്രീറ്റിങ് പറഞ്ഞു. ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ നേതൃത്വം ഉയര്‍ന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പല മേഖലകളിലും വ്യക്തമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ നിയന്ത്രണാധീനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാര്‍ട്ടിക്കുള്ളില്‍ സ്വതന്ത്ര നയചര്ച്ചകള്ക്ക് അവസരം ഇല്ലെന്നും ശൈത്യകാല ഇന്ധനസഹായം കുറച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന് കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കണമെന്നും Brexit തിരിച്ചടിയായിരുന്നുവെന്നും വെസ് സ്ട്രീറ്റിങ് പറഞ്ഞു. വീണ്ടും യൂറോപ്യന്‍ യൂണിയനുമായി ശക്തമായ സഹകരണം ആവശ്യമാണെന്നും ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയും വ്യാപാരവും ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ ഭീഷണികളെ ചെറുക്കാനും അമേരിക്കയുടെ ചില നയങ്ങളെ പ്രതിരോധിക്കാനും യൂറോപ്യന്‍ യൂണിയനൊപ്പം നില്‍ക്കുന്നത് ബ്രിട്ടന് ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.