Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
UK Special
  Add your Comment comment
മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് യുകെ' മുന്‍ മത്സരാര്‍ഥി അറസ്റ്റില്‍; പീഡനാരോപണത്തില്‍ പൊലീസ് അന്വേഷണം
reporter

ലണ്ടന്‍: യുകെയിലെ പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയായ 'മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് യുകെ'യിലെ മുന്‍ പുരുഷ മത്സരാര്‍ഥിയെ പീഡനക്കുറ്റം സംശയിച്ച് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതിയുടെയും പരാതിക്കാരിയുടെയും പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിന് പിന്നാലെ ഇയാളെ ജാമ്യത്തില്‍ വിട്ടതായും അധികൃതര്‍ അറിയിച്ചു. റിയാലിറ്റി ഷോയിലെ വനിതാ മത്സരാര്‍ഥികള്‍ ഉന്നയിച്ച ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. കഴിഞ്ഞ മേയില്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടില്‍, ഷോയുടെ ചിത്രീകരണത്തിനിടെ രണ്ട് വനിതാ മത്സരാര്‍ഥികള്‍ തങ്ങളുടെ ഓണ്‍-സ്‌ക്രീന്‍ പങ്കാളികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മറ്റൊരു വനിതാ മത്സരാര്‍ഥി സമ്മതമില്ലാതെയുള്ള ലൈംഗികബന്ധത്തിന് ഇരയായെന്നും വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ആരോപണവിധേയരായ എല്ലാ പുരുഷ മത്സരാര്‍ഥികളും കുറ്റങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സമാനമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായതായി കരുതുന്ന മറ്റ് മത്സരാര്‍ഥികളും മുന്നോട്ടുവന്ന് പരാതി നല്‍കണമെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അഭ്യര്‍ഥിച്ചിരുന്നു. നിലവിലെ അറസ്റ്റും അതേ അന്വേഷണത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിവാദം ശക്തമായതോടെ സര്‍ക്കാര്‍ തലത്തിലും ആശങ്ക ഉയര്‍ന്നിരുന്നു. കുറ്റകൃത്യം നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പരിപാടിയുടെ പഴയ സീസണുകള്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. മത്സരാര്‍ഥികളുടെ സുരക്ഷാ ക്രമീകരണങ്ങളും പരാതികള്‍ കൈകാര്യം ചെയ്ത രീതിയും പരിശോധിക്കാന്‍ രണ്ട് സ്വതന്ത്ര അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്. അടുത്ത സീസണിന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും അത് സംപ്രേഷണം ചെയ്യുമോയെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അതേസമയം, റിയാലിറ്റി ഷോ നിര്‍മിച്ച കമ്പനി എല്ലാ പരാതികളും അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് പ്രതികരിച്ചു. മത്സരാര്‍ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ശക്തമായ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും നിര്‍മാണ കമ്പനി വ്യക്തമാക്കി

 
Other News in this category

 
 




 
Close Window