ലണ്ടന്‍: ബ്രിട്ടിഷ് സിംഹാസനാവകാശക്രമത്തില്‍ അഞ്ചാം സ്ഥാനത്തുള്ള ഹാരി രാജകുമാരനും ഭാര്യ മേഗനും മക്കളായ ആര്‍ച്ചിയും ലിലിബറ്റും ബ്രിട്ടനിലേക്ക് മടങ്ങിയെത്തുമ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അവരുടെ സ്വകാര്യകാര്യമാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണെം. യുഎസില്‍നിന്ന് കുടുംബസമേതം ബ്രിട്ടനിലേക്ക് മടങ്ങാനുള്ള ഹാരി-മേഗന്‍ ദമ്പതികളുടെ തീരുമാനത്തെ തുടര്‍ന്നാണ് സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ''ഇത് ഹാരിയുടെയും മേഗന്റെയും കാര്യമാണ്. അവര്‍ നടത്തുന്ന നീക്കത്തിന് ആശംസകള്‍ നേരുന്നു,'' എന്നായിരുന്നു സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ മാസം അവസാനത്തോടെ മക്കളോടൊപ്പം ബ്രിട്ടനിലേക്ക് മടങ്ങാനാണ് ദമ്പതികളുടെ തീരുമാനം.
ചാള്‍സ് രാജാവിന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനായ ഹാരി 2020ല്‍ രാജകീയ ചുമതലകളില്‍നിന്ന് പിന്മാറിയശേഷം ഭാര്യ മേഗനും മക്കള്‍ക്കുമൊപ്പം യുഎസിലാണ് താമസിച്ചിരുന്നത്. ഡ്യൂക്ക് ഓഫ് സസെക്‌സ് എന്ന പദവി ഹാരി നിലനിര്‍ത്തുന്നുണ്ടെങ്കിലും 'വര്‍കിങ് റോയല്‍' എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകളോ ആനുകൂല്യങ്ങളോ നിലവിലില്ല. ഹാരിയും കുടുംബവും ബ്രിട്ടനിലേക്ക് മടങ്ങിയെത്തുമ്പോള്‍ എന്തുതരത്തിലുള്ള സുരക്ഷയാണ് ലഭിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കുടുംബത്തിന് നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള സുരക്ഷ ലഭിക്കുമോയെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. രാജകുടുംബാംഗങ്ങളുടെ സുരക്ഷ സംബന്ധിച്ച തീരുമാനങ്ങള്‍ പ്രധാനമന്ത്രിയല്ല, ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള ബന്ധപ്പെട്ട സംവിധാനങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയാലും രാജകീയ ചുമതലകള്‍ വീണ്ടും ഏറ്റെടുക്കാന്‍ ഹാരിക്കും മേഗനും പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജകീയ വസതിക്ക് പുറത്തായിരിക്കും കുടുംബം താമസിക്കുക. സ്വകാര്യ വ്യക്തികളും രാജകീയ ചുമതലകളില്ലാത്ത അംഗങ്ങളും എന്ന നിലവിലെ പദവിയില്‍ മാറ്റമുണ്ടാകില്ല.