Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
നിര്‍മാണ തൊഴിലാളിക്ക് നേരെ ക്രൂരാക്രമണം; ഇന്ത്യന്‍ വംശജരായ നാലുപേര്‍ക്ക് ആകെ 25 വര്‍ഷം 9 മാസം തടവ്
reporter

ലണ്ടന്‍: ബര്‍മിങ്ങാമില്‍ നിര്‍മാണ തൊഴിലാളിയെ മെറ്റല്‍ പോളുകള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജരായ നാലുപേര്‍ക്ക് ആകെ 25 വര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷ. വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2025 സെപ്റ്റംബര്‍ 12ന് ബര്‍മിങ്ങാമിലെ റസ്‌കിന്‍ സ്ട്രീറ്റിലായിരുന്നു ആക്രമണം. മെറ്റല്‍ പോളുകള്‍ ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ തൊഴിലാളിയുടെ ഇരുകാലുകളും ഇടതുകൈയും ഒടിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ക്ക് പിന്നീട് ശസ്ത്രക്രിയയും വേണ്ടിവന്നു. ആക്രമണത്തിനു ശേഷം പ്രതികള്‍ വെള്ള നിറത്തിലുള്ള ബിഎംഡബ്ല്യു കാറില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം ലണ്ടനില്‍ നിന്ന് വോള്‍വര്‍ഹാംപ്ടണിലേക്ക് സഞ്ചരിക്കുകയായിരുന്ന അതേ ബിഎംഡബ്ല്യു കാര്‍ ബ്ലാക്ക് കണ്‍ട്രി റൂട്ടിലെ സ്പ്രിങ് വേല്‍ ഐലന്‍ഡിന് സമീപം ആയുധധാരികളായ പൊലീസ് തടഞ്ഞു. കാറിലുണ്ടായിരുന്ന നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പുറത്തുവിട്ട ബോഡി-വോണ്‍ ക്യാമറ ദൃശ്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ബിഎംഡബ്ല്യുവിന്റെ ചില്ലുകള്‍ തകര്‍ത്ത് തോക്കുചൂണ്ടി യാത്രക്കാരെ പുറത്തേക്ക് ഇറക്കുന്നതു കാണാം. കാറിന്റെ മുന്‍സീറ്റിലെ യാത്രക്കാരന്റെ കൈവശം 11 റൗണ്ട് വെടിയുണ്ടകള്‍ നിറച്ച ഹാന്‍ഡ്ഗണ്‍ കണ്ടെത്തി. കാറിന്റെ പിന്‍ഭാഗത്തുനിന്ന് അഞ്ച് വാളുകളും മറ്റു ആയുധങ്ങളും പിടിച്ചെടുത്തു. ഗുര്‍വിന്ദര്‍ സിങ് (25), ഹാര്‍പന്‍ദീപ് സിങ് (23), ഹര്‍ഷെഹജ്ദീപ് സിങ് (21), സൊറാവര്‍ സിങ് (31) എന്നിവരാണ് കേസിലെ പ്രതികള്‍. ജൂലൈ 9ന് വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഗുര്‍വിന്ദര്‍ സിങ്ങിന് അഞ്ച് വര്‍ഷവും 11 മാസവും, ഹാര്‍പന്‍ദീപ് സിങ്ങിന് ഏഴ് വര്‍ഷവും, ഹര്‍ഷെഹജ്ദീപ് സിങ്ങിന് ആറ് വര്‍ഷവും എട്ട് മാസവും, സൊറാവര്‍ സിങ്ങിന് ആറ് വര്‍ഷവും രണ്ട് മാസവും തടവുശിക്ഷയാണ് വിധിച്ചത്. പിടിച്ചെടുത്ത തോക്കും വാളുകളും മറ്റുള്ളവരെ ആക്രമിക്കാനോ ഭീഷണിപ്പെടുത്താനോ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും അപകടകരമായ ഈ ആയുധങ്ങള്‍ തെരുവുകളില്‍നിന്ന് നീക്കം ചെയ്യാന്‍ കഴിഞ്ഞത് നിര്‍ണായക നേട്ടമാണെന്നും വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസിന്റെ മേജര്‍ ക്രൈം യൂണിറ്റിലെ ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ കെയ്ല്‍ ബോവറിങ് പറഞ്ഞു.

 
Other News in this category

 
 




 
Close Window