Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5653 INR  1 EURO=111.8568 INR
ukmalayalampathram.com
Sat 22nd Aug 2026
 
 
UK Special
  Add your Comment comment
റഷ്യന്‍ 'ഷാഡോ ഫ്‌ലീറ്റ്' കപ്പലിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കസ്റ്റഡിയില്‍; ഭര്‍ത്താവിനെ ബലിയാടാക്കുന്നുവെന്ന് ഭാര്യ
reporter

 ലണ്ടന്‍: റഷ്യയുടെ 'ഷാഡോ ഫ്‌ലീറ്റ്' വിഭാഗത്തില്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന 'സ്മിര്‍ട്ടോസ്' എണ്ണക്കപ്പലിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജയ് പന്തിനെ (38) ബ്രിട്ടിഷ് അധികൃതര്‍ ബലിയാടാക്കുകയാണെന്ന ആരോപണവുമായി ഭാര്യ റിതു പന്ത്. റഷ്യയ്‌ക്കെതിരായ ഉപരോധം ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ബ്രിട്ടിഷ് കമാന്‍ഡോകള്‍ പിടിച്ചെടുത്ത കപ്പലിന്റെ ക്യാപ്റ്റനായ അജയ് പന്ത് നിലവില്‍ കസ്റ്റഡിയിലാണ്. കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 14ന് ഇംഗ്ലിഷ് ചാനലിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ബ്രിട്ടിഷ് സൈനിക കമാന്‍ഡോകള്‍ ഹെലികോപ്റ്ററില്‍നിന്ന് കപ്പലിലേക്ക് ഇറങ്ങി 'സ്മിര്‍ട്ടോസ്' പിടിച്ചെടുത്തത്. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ മറികടന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിനായി ഉപയോഗിക്കുന്ന രഹസ്യ കപ്പല്‍ ശൃംഖലയായ 'ഷാഡോ ഫ്‌ലീറ്റിന്റെ' ഭാഗമാണ് കപ്പലെന്നാണ് ബ്രിട്ടന്റെ ആരോപണം.

ജൂണ്‍ അഞ്ചിന് റഷ്യയിലെ ഉസ്റ്റ്-ലുഗ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പല്‍ ഈജിപ്തിലെ പോര്‍ട്ട് സെയ്ദിലേക്കായിരുന്നു യാത്ര ചെയ്തിരുന്നത്. ഇംഗ്ലിഷ് ചാനല്‍ കടക്കുന്നതിനിടെയാണ് ബ്രിട്ടിഷ് സൈന്യം കപ്പല്‍ തടഞ്ഞത്. റഷ്യയ്‌ക്കേറ്റ വലിയ തിരിച്ചടിയായാണ് അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ നടപടിയെ വിശേഷിപ്പിച്ചത്. അറസ്റ്റിലായതിന് പിന്നാലെ അജയ് പന്ത് തന്നെ ഫോണില്‍ വിളിച്ചിരുന്നതായി ഭാര്യ റിതു പറഞ്ഞു. 'ഞാന്‍ ജയിലിലാണ്, എന്നെ പുറത്തെത്തിക്കൂ' എന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും അവര്‍ വെളിപ്പെടുത്തി. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കത്തിന്റെ പേരില്‍ കപ്പലിലെ ജീവനക്കാരനായ തന്റെ ഭര്‍ത്താവിനെ മാത്രം കുറ്റക്കാരനാക്കാനാണ് ശ്രമമെന്നാണ് റിതുവിന്റെ ആരോപണം. കപ്പലിലുണ്ടായിരുന്ന 98,000 ടണ്‍ എണ്ണയുടെ ഉറവിടവും ചരക്കുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളും ക്യാപ്റ്റന്‍ എന്ന നിലയില്‍ അജയ് പന്തിന് വ്യക്തമായി അറിയാമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ കപ്പലിലെ ജീവനക്കാരനെന്ന നിലയില്‍ കമ്പനിയുടെയും മേലധികാരികളുടെയും നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് അജയ് ചെയ്തതെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

ഡിസംബര്‍ 15ന് ആരംഭിക്കുന്ന വിചാരണ റഷ്യയ്‌ക്കെതിരായ ഉപരോധങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നിര്‍ണായകമായ നിയമപരീക്ഷണമാകുമെന്നാണ് വിലയിരുത്തല്‍. ഉപരോധ ലംഘനവുമായി ബന്ധപ്പെട്ട് കപ്പലിനെയോ അതിന്റെ ഉടമകളെയോ മാത്രം ലക്ഷ്യമിടുന്നതിന് പകരം ക്യാപ്റ്റനെതിരെ നേരിട്ട് ക്രിമിനല്‍ കുറ്റം ചുമത്തുന്ന യൂറോപ്പിലെ ആദ്യ കേസാണിതെന്നാണ് റിപ്പോര്‍ട്ട്. അജയ് പന്തിന് ആവശ്യമായ നയതന്ത്ര സഹായം നല്‍കിവരുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ ഭൂരിഭാഗം പേരെയും പിന്നീട് നാട്ടിലേക്ക് മടക്കി അയച്ചെങ്കിലും ക്യാപ്റ്റനായ അജയ് പന്തിനെ മാത്രം ബ്രിട്ടിഷ് അധികൃതര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. സംഭവം രാജ്യാന്തരതലത്തില്‍ ജോലി ചെയ്യുന്ന നാവികര്‍ക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കപ്പലില്‍ കൊണ്ടുപോകുന്ന ചരക്ക് അന്താരാഷ്ട്ര ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ടതാണോയെന്നത് ഓരോ ജീവനക്കാരനും കൃത്യമായി തിരിച്ചറിയാന്‍ കഴിയണമെന്നില്ലെന്നാണ് നാവിക സംഘടനകളുടെ നിലപാട്. ക്യാപ്റ്റനെയും ജീവനക്കാരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളാക്കുന്ന പ്രവണത ശക്തമായാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക തര്‍ക്കങ്ങളില്‍ നാവികര്‍ ബലിയാടാകുമെന്ന ആശങ്കയും ഉയരുന്നു. ലോകമെമ്പാടുമായി ജോലി ചെയ്യുന്ന നാവികരില്‍ 3.20 ലക്ഷത്തിലധികം പേര്‍ ഇന്ത്യക്കാരാണെന്നതിനാല്‍ അജയ് പന്തിനെതിരായ നടപടി ഇന്ത്യന്‍ നാവിക സമൂഹവും ഗൗരവത്തോടെയാണ് കാണുന്നത്. കേസിലെ കോടതി വിധി ഭാവിയില്‍ ഉപരോധം ലംഘിച്ചെന്നാരോപിക്കുന്ന കപ്പലുകളിലെ ക്യാപ്റ്റന്‍മാരുടെയും ജീവനക്കാരുടെയും നിയമപരമായ ഉത്തരവാദിത്തം നിര്‍ണയിക്കുന്നതിലും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window