Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ചാള്‍സ് രാജാവ് സ്ഥാനമൊഴിയും, ഹാരി സിംഹാസനത്തിലെത്തും? വീണ്ടും ചര്‍ച്ചയായി നോസ്ട്രഡാമസ് പ്രവചനം
reporter

ലണ്ടന്‍: യുഎസിലെ കലിഫോര്‍ണിയയില്‍ നിന്ന് കുടുംബസമേതം ബ്രിട്ടനിലേക്കു മടങ്ങാന്‍ ഹാരി രാജകുമാരന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, 16-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിന്റെ പ്രവചനങ്ങളും വീണ്ടും ചര്‍ച്ചയാകുന്നു. ചാള്‍സ് മൂന്നാമന്‍ രാജാവ് സ്ഥാനമൊഴിയുകയും ഒരിക്കലും രാജാവാകുമെന്ന് പ്രതീക്ഷിക്കാത്ത ഒരാള്‍ സിംഹാസനത്തിലെത്തുകയും ചെയ്യുമെന്ന പ്രവചനമാണ് ഇപ്പോള്‍ ഹാരി രാജകുമാരനുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കപ്പെടുന്നത്. 1555ല്‍ നോസ്ട്രഡാമസ് രേഖപ്പെടുത്തിയ പ്രവചനങ്ങളെ അടിസ്ഥാനമാക്കി 'നോസ്ട്രഡാമസ്: ദി കംപ്ലീറ്റ് പ്രഫസീസ് ഫോര്‍ ദ ഫ്യൂച്ചര്‍' എന്ന പുസ്തകം എഴുതിയ ബ്രിട്ടിഷ് എഴുത്തുകാരന്‍ മരിയോ റീഡിങ് നടത്തിയ വ്യാഖ്യാനമാണ് വീണ്ടും ശ്രദ്ധനേടുന്നത്.

'ദ്വീപുകളുടെ രാജാവിനെ ജനങ്ങള്‍ പുറത്താക്കും. രാജാവാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാള്‍ പകരം വരും' എന്നാണ് പ്രവചനത്തിന്റെ അര്‍ഥമെന്ന് മരിയോ റീഡിങ് മുന്‍പ് പറഞ്ഞിരുന്നു. ഇത് ചാള്‍സ് രാജാവിനെയും ഹാരി രാജകുമാരനെയും സൂചിപ്പിക്കുന്നതാണെന്ന തരത്തിലാണ് ചിലര്‍ വ്യാഖ്യാനിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ 2022ലെ മരണം ഉള്‍പ്പെടെ ബ്രിട്ടിഷ് രാജകുടുംബവുമായി ബന്ധപ്പെട്ട നോസ്ട്രഡാമസിന്റെ ചില പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായതായി മരിയോ റീഡിങ് അവകാശപ്പെട്ടിരുന്നു. ചാള്‍സ് രാജാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ വാര്‍ത്തയായ സമയത്തും ഈ പ്രവചനം വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് ഹാരി രാജകുമാരന്‍ കുടുംബസമേതം ബ്രിട്ടനിലേക്ക് മടങ്ങാനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മക്കളായ ആര്‍ച്ചിയെയും ലിലിബെറ്റിനെയും ബ്രിട്ടനിലെ സ്‌കൂളില്‍ ചേര്‍ത്തതോടെയാണ് ഹാരിയുടെ മടക്കം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്.

രാജകുടുംബത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് ആത്മകഥയായ 'സ്പെയര്‍' വഴി ഹാരി നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. രാജകുടുംബവുമായുള്ള അകല്‍ച്ചയും ബ്രിട്ടനിലെ സുരക്ഷാസംവിധാനങ്ങളും ഹാരിയെ സംബന്ധിച്ച പ്രധാന ചര്‍ച്ചാവിഷയങ്ങളായി തുടരുകയാണ്. ബ്രിട്ടനിലെത്തിയാലും ഹാരിയും കുടുംബവും ലണ്ടനു പുറത്തുള്ള സ്വകാര്യ വസതിയില്‍ താമസിക്കുമെന്നും രാജകീയ ചുമതലകളിലേക്ക് തിരിച്ചെത്താന്‍ നിലവില്‍ സാധ്യത കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഹാരിയുടെ മടക്കവാര്‍ത്തയ്‌ക്കൊപ്പം നോസ്ട്രഡാമസിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രവചനവും സമൂഹമാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വീണ്ടും ചര്‍ച്ചയാകുകയാണ്.

 
Other News in this category

 
 




 
Close Window