|
യുകെയില്‍ നിയമപരമായി ജോലി ചെയ്യാന്‍ അനുമതിയില്ലാത്തവരെ നിയമിക്കുന്ന തൊഴിലുടമകള്‍ക്കെതിരായ നടപടി ഒക്ടോബര്‍ 1 മുതല്‍ കൂടുതല്‍ കര്‍ശനമാകും. ഇതുമായി ബന്ധപ്പെട്ട പുതുക്കിയ കോഡ് ഓഫ് പ്രാക്ടീസും ഒക്ടോബര്‍ 1ന് പ്രാബല്യത്തില്‍ വരും. ഫുഡ് ഡെലിവറി, കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളിക്കും 60,000 പൗണ്ട് വരെ സിവില്‍ പെനാല്‍റ്റി നേരിടേണ്ടിവരും. തൊഴിലാളിക്ക് യുകെയില്‍ ജോലി ചെയ്യാന്‍ നിയമപരമായ അവകാശമില്ലെന്ന് അറിഞ്ഞിട്ടും, അല്ലെങ്കില്‍ അത് അറിയാന്‍ ന്യായമായ സാഹചര്യമുണ്ടായിട്ടും ജോലി നല്‍കിയതായി കണ്ടെത്തിയാല്‍ തൊഴിലുടമയ്ക്ക് അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം. അനധികൃതമായി ജോലി ചെയ്യാനുള്ള അവസരങ്ങള്‍ കുറച്ച് നിയമവിരുദ്ധ കുടിയേറ്റത്തിനുള്ള പ്രോത്സാഹനം ഇല്ലാതാക്കുന്നതിനൊപ്പം നിയമം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തുല്യമായ മത്സര സാഹചര്യം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒക്ടോബര്‍ 1 മുതല്‍ നിലവിലുള്ള 'റൈറ്റ് ടു വര്‍ക്ക്' പരിശോധനാ സംവിധാനം കൂടുതല്‍ തൊഴില്‍ ക്രമീകരണങ്ങളിലേക്ക് വ്യാപിപ്പിക്കും. ഗിഗ് ഇക്കോണമി, സീറോ-അവര്‍ കരാറുകള്‍, സബ്‌കോണ്‍ട്രാക്ടിങ്, വിവിധ ഫ്ലെക്സിബിള്‍ തൊഴില്‍ ക്രമീകരണങ്ങള്‍ എന്നിവയിലും തൊഴിലാളിക്ക് യുകെയില്‍ ജോലി ചെയ്യാനുള്ള നിയമപരമായ അനുമതിയുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമകള്‍ക്കുണ്ടാകും. |