Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ആറ് വര്‍ഷത്തിന് ശേഷം ബ്രിട്ടനിലേക്ക് ഹാരി-മേഗന്‍; മേഗന്‍ വീണ്ടും അഭിനയരംഗത്തേക്കും?
reporter

ലണ്ടന്‍: ആറ് വര്‍ഷത്തിന് ശേഷം ബ്രിട്ടനിലേക്ക് മടങ്ങാനുള്ള ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും തീരുമാനം രാജകുടുംബത്തിനുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതിനിടെ, മേഗന്‍ വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതേസമയം ഹാരിയുടെ തിരിച്ചുവരവ് സഹോദരന്‍ വില്യം രാജകുമാരനുമായുള്ള വര്‍ഷങ്ങളായുള്ള അകല്‍ച്ചയ്ക്ക് വിരാമമിടുമോ എന്ന ചോദ്യവും ശക്തമാകുകയാണ്. ഹാരിയും മേഗനും ഓഗസ്റ്റ് അവസാനത്തോടെ അമേരിക്കയില്‍ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടന് പുറത്തുള്ള സ്വകാര്യ വസതിയിലായിരിക്കും ഇവരുടെ താമസം. രാജകീയ ഔദ്യോഗിക പദവികളിലേക്ക് തിരിച്ചെത്താനുള്ള പദ്ധതിയൊന്നും നിലവിലില്ലെന്നാണ് സൂചന.

മക്കളായ ആര്‍ച്ചിയും ലിലിബെറ്റും സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടനിലെ സ്‌കൂളില്‍ പഠനം ആരംഭിക്കാനാണ് തീരുമാനം. കുടുംബമായി ബ്രിട്ടനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതിനിടെയാണ് മേഗന് ബ്രിട്ടനില്‍ പുതിയൊരു അഭിനയവേഷം വാഗ്ദാനം ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഏത് സിനിമയിലോ പരമ്പരയിലോ ആണ് വേഷമെന്നതും കഥാപാത്രത്തിന്റെ സ്വഭാവമെന്തെന്നതും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 'സ്യൂട്ട്സ്' എന്ന നിയമനാടക പരമ്പരയിലെ റേച്ചല്‍ സെയിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മേഗന്‍ ലോകശ്രദ്ധ നേടിയത്. 2018ലാണ് പരമ്പരയിലെ മേഗന്റെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്തത്. പിന്നീട് രാജകുടുംബാംഗമായതോടെ അവര്‍ അഭിനയരംഗത്ത് നിന്ന് മാറിനിന്നിരുന്നു.

ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം മേഗന്‍ അടുത്തിടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന 'ക്ലോസ് പേര്‍സണല്‍ ഫ്രണ്ട്സ്' എന്ന കോമഡി ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അവര്‍ പ്രത്യക്ഷപ്പെടുന്നത്. ബ്രിട്ടനിലെ പുതിയ അഭിനയാവസരം യാഥാര്‍ഥ്യമാകുകയാണെങ്കില്‍ മേഗന്റെ കരിയറില്‍ പുതിയ അധ്യായത്തിനാണ് തുടക്കമാകുക. അതേസമയം ഹാരിയുടെ മടങ്ങിവരവിനെ ചുറ്റിപ്പറ്റിയുള്ള പ്രധാന ചര്‍ച്ച വില്യം രാജകുമാരനുമായുള്ള ബന്ധത്തെക്കുറിച്ചാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഇരുവരും തമ്മിലുള്ള ബന്ധം ഗുരുതരമായ അകല്‍ച്ചയിലാണ്. രാജകുടുംബത്തെക്കുറിച്ചുള്ള ഹാരി-മേഗന്‍ ദമ്പതികളുടെ പരസ്യ വിമര്‍ശനങ്ങളും ഹാരിയുടെ 'Spare' എന്ന ഓര്‍മക്കുറിപ്പും കുടുംബത്തിലെ വിശ്വാസപ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയിരുന്നു. കുടുംബവുമായി അനുരഞ്ജനം ആഗ്രഹിക്കുന്നതായി ഹാരി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വില്യം പഴയ പ്രശ്‌നങ്ങള്‍ മറന്ന് സഹോദരനുമായി ഉടന്‍ അടുത്തുവരുമോ എന്നത് വ്യക്തമല്ല. 

 
Other News in this category

 
 




 
Close Window