ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രാദേശിക ഭരണകൂടങ്ങളുടെ പ്ലാനിങ് തീരുമാനങ്ങളില്‍ മേയര്‍മാര്‍ക്ക് കൂടുതല്‍ ഇടപെടല്‍ അധികാരം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. വലിയ ഭവന-വാണിജ്യ പദ്ധതികളുമായി ബന്ധപ്പെട്ട പ്ലാനിങ് തീരുമാനങ്ങള്‍ പുനഃപരിശോധനയ്ക്കായി നേരിട്ട് ഏറ്റെടുക്കാന്‍ മേയര്‍മാര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ പദ്ധതി. 150 വീടുകളില്‍ കൂടുതലുള്ള ഭവന പദ്ധതികള്‍, 15,000 ചതുരശ്രമീറ്ററില്‍ കൂടുതലുള്ള വാണിജ്യ വികസന പദ്ധതികള്‍, 30 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലാണ് മേയര്‍മാര്‍ക്ക് ഇടപെടാനാകുക. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് ഉള്‍പ്പെടെ 13 മേഖലകളിലെ മേയര്‍മാര്‍ക്കാണ് പുതിയ അധികാരം ലഭിക്കുക. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് നിലവിലുള്ള അധികാരങ്ങള്‍ക്ക് സമാനമായിരിക്കും ഇത്. പുതിയ വീടുകളുടെ നിര്‍മാണവും നഗര പുനരുജ്ജീവന പദ്ധതികളും വേഗത്തിലാക്കാന്‍ മേയര്‍മാര്‍ക്ക് ഇത്തരം അധികാരങ്ങള്‍ അനിവാര്യമാണെന്ന് ഹൗസിങ് മന്ത്രി മാത്യു പെന്നികുക്ക് പറഞ്ഞു. വടക്കുകിഴക്കന്‍ ഇംഗ്ലണ്ട്, സൗത്ത് യോര്‍ക്ഷയര്‍, വെസ്റ്റ് യോര്‍ക്ഷയര്‍, യോര്‍ക് ആന്‍ഡ് നോര്‍ത്ത് യോര്‍ക്ഷയര്‍, ഹള്‍ ആന്‍ഡ് ഈസ്റ്റ് യോര്‍ക്ഷയര്‍, ഗ്രേറ്റര്‍ ലിങ്കണ്‍ഷയര്‍, കേംബ്രിജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോ, ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ്, ടീസ്വാലി എന്നിവിടങ്ങളിലെ മേയര്‍മാര്‍ക്കും അധികാരം ലഭിക്കും.
2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ദശാബ്ദാവസാനത്തോടെ ഇംഗ്ലണ്ടില്‍ 15 ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന് ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലക്ഷ്യം കൈവരിക്കാനാകുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ഇത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി സമ്മതിച്ചെങ്കിലും ഏകദേശം 1.8 ലക്ഷം കുട്ടികള്‍ നിലവില്‍ താല്‍ക്കാലിക താമസസൗകര്യങ്ങളില്‍ കഴിയുന്ന സാഹചര്യത്തില്‍ ലക്ഷ്യം കുറയ്ക്കുന്നത് ഭവന പ്രതിസന്ധിയുടെ ഗൗരവത്തിന് യോജിച്ചതാകില്ലെന്നും അദ്ദേഹം പറഞ്ഞു. മേയര്‍മാര്‍ക്ക് 'അപ്-ഫ്രണ്ട് പെര്‍മിഷന്‍' നല്‍കാനുള്ള അധികാരവും സര്‍ക്കാര്‍ നല്‍കും. ഇതോടെ നിശ്ചിത മേഖലകളില്‍ ഓരോ പദ്ധതിക്കും ഡെവലപ്പര്‍മാര്‍ പ്രത്യേകം പ്ലാനിങ് അനുമതിക്ക് അപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കി നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതേസമയം ഭൂരിഭാഗം പ്ലാനിങ് അപേക്ഷകളിലും അന്തിമ തീരുമാനം പ്രാദേശിക കൗണ്‍സിലുകള്‍ തന്നെയായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മേയര്‍മാരും നിലവിലുള്ള പ്ലാനിങ് നിയമങ്ങള്‍ പാലിച്ചായിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടത്. തങ്ങളുടെ മേഖലകളിലെ ഹൗസിങ് ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിലും മേയര്‍മാര്‍ക്ക് കൂടുതല്‍ സ്വാധീനം നല്‍കാനാണ് പദ്ധതി. ദേശീയ ഹൗസിങ് ഏജന്‍സിയായ ഹോംസ് ഇംഗ്ലണ്ടിനോട് പ്രാദേശിക മേയര്‍മാരുടെ മുന്‍ഗണനകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനും നിര്‍ദേശിക്കും.
എന്നാല്‍ പുതിയ നീക്കം പ്രാദേശിക കൗണ്‍സിലുകളുടെ അധികാരം ദുര്‍ബലപ്പെടുത്തുമെന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സ്വന്തം പ്രദേശങ്ങളിലെ പ്ലാനിങ് തീരുമാനങ്ങള്‍ എടുക്കാനുള്ള കൗണ്‍സിലുകളുടെ അധികാരം ഇല്ലാതാക്കുന്നത് ശരിയല്ലെന്ന് ഷാഡോ ഹൗസിങ് സെക്രട്ടറി സര്‍ ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. പ്രാദേശിക കൗണ്‍സിലര്‍മാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അധികാരം എടുത്തുമാറ്റുന്നതിനുപകരം താങ്ങാനാകുന്ന നിരക്കിലുള്ള വീടുകളും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ അഭിപ്രായപ്പെട്ടു. മേയര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് 'കേന്ദ്രീകരണത്തിന്റെ മറ്റൊരു രൂപം' മാത്രമാണെന്നാണ് റിഫോം യുകെയുടെ വിമര്‍ശനം. അതേസമയം പ്രധാനമന്ത്രി ആന്‍ഡി ബേണെം മേയര്‍മാര്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്നതിനെ പിന്തുണച്ചു. ചില സാഹചര്യങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യേണ്ടിവരുമെന്നും പ്രദേശത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളില്‍നിന്നുതന്നെ ഉണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ മേയര്‍-കൗണ്‍സില്‍ ബന്ധത്തില്‍ ഇരുവശത്തേക്കുമുള്ള ഇടപെടല്‍ സാധ്യമാകണമെന്നും ബേണെം അഭിപ്രായപ്പെട്ടു.