Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുകെയില്‍ മലയാളി യുവതി മരിച്ചു; ലിവര്‍പൂളില്‍ വിടപറഞ്ഞത് വയനാട് സ്വദേശിനി
reporter

ലിവര്‍പൂള്‍/വയനാട്: പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങളുമായി യുകെയില്‍ കഴിയുന്നതിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കല്‍ വീട്ടില്‍ രാജന്‍-ഗീതാകുമാരി ദമ്പതികളുടെ മകള്‍ രേഷ്മ രാജന്‍ (32) ആണ് ലിവര്‍പൂളില്‍ മരിച്ചത്. ഗാള്‍ബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച ലിവര്‍പൂളിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേഷ്മ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ തുടരുകയായിരുന്നു. ഇതിനിടെ കടുത്ത തലവേദന ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. മൃതദേഹം കൊറോണറുടെ നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ മലയാളി സമൂഹത്തിന്റെയും ബന്ധപ്പെട്ട സംഘടനകളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഭര്‍ത്താവ് ശ്രീരാഗ് കെ. ബാബുവിനൊപ്പം ലിവര്‍പൂളില്‍ കുടുംബജീവിതം നയിച്ചുവരികയായിരുന്നു രേഷ്മ. അപ്രതീക്ഷിത വേര്‍പാട് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ലിവര്‍പൂളിലെ മലയാളി സമൂഹത്തിനും വലിയ ആഘാതമായി.

പഠനാനന്തര വര്‍ക്ക് വീസ അവസാനിക്കാനിരിക്കെ ദുരന്തം

വിദ്യാര്‍ഥി വീസയിലാണ് രേഷ്മയും ശ്രീരാഗും യുകെയിലെത്തിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ലഭിച്ച വര്‍ക്ക് വീസയുടെ കാലാവധി അടുത്ത ജനുവരിയില്‍ അവസാനിക്കാനിരിക്കുകയായിരുന്നു. യുകെയില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കാനും ഭാവി പദ്ധതികള്‍ സാക്ഷാത്കരിക്കാനുമുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് രേഷ്മയുടെ അപ്രതീക്ഷിത മരണം. ഭാര്യയുടെ വേര്‍പാടിന്റെ ആഘാതത്തിലാണ് ശ്രീരാഗ്. നിരവധി പ്രതീക്ഷകളോടെ മുന്നോട്ടുപോയിരുന്ന കുടുംബത്തിന് അപ്രതീക്ഷിത ദുരന്തം തീരാവേദനയായി. രേഷ്മയുടെയും ശ്രീരാഗിന്റെയും ഏക മകള്‍ മിഴി ശ്രീരാഗ് നാട്ടിലാണ്. കൊറോണറുടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങള്‍ തീരുമാനിക്കും.

 
Other News in this category

 
 




 
Close Window