Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
UK Special
  Add your Comment comment
നീന്തലിന് പിന്നാലെ കണ്ണില്‍ അസഹ്യവേദന; യുവാവിന് അപൂര്‍വ അകാന്തമീബ കെരാറ്റിറ്റിസ്
reporter

ലണ്ടന്‍: അവധിക്കാലത്ത് നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയതിന് പിന്നാലെ കണ്ണില്‍ കടുത്ത വേദന അനുഭവപ്പെട്ട ബ്രിട്ടീഷ് യുവാവിന് അപൂര്‍വവും ഗുരുതരവുമായ നേത്രരോഗം സ്ഥിരീകരിച്ചു. എസെക്‌സിലെ കോള്‍ചെസ്റ്റര്‍ സ്വദേശിയായ 38കാരന്‍ മാറ്റ് ഫ്‌ലാക്കിനാണ് 'അകാന്തമീബ കെരാറ്റിറ്റിസ്' (Acanthamoeba Keratitis) സ്ഥിരീകരിച്ചത്. കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ച് നീന്തിയതാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്. മേയ് മാസത്തില്‍ ഇന്തൊനീഷ്യയിലെ ബാലിയില്‍ അവധിക്കാലം ചെലവഴിക്കുമ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. നീന്തല്‍ കഴിഞ്ഞ് കുളത്തില്‍നിന്ന് കയറിയതിന് പിന്നാലെ മാറ്റിന് ഇടത് കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. സര്‍ഫിങ്ങിനിടെ കണ്ണില്‍ മണലോ ഉപ്പുവെള്ളമോ കയറിയതാകാം അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം സ്ഥിതി ഗുരുതരമായി. കടുത്ത കണ്ണുവേദനയ്‌ക്കൊപ്പം വെളിച്ചത്തിലേക്ക് നോക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായി.

കോണ്‍ടാക്റ്റ് ലെന്‍സുകളാകാം പ്രശ്‌നത്തിന് കാരണമെന്ന് കരുതി അവ ഉപയോഗിക്കുന്നത് മാറ്റ് നിര്‍ത്തി. എന്നാല്‍ ലക്ഷണങ്ങള്‍ കുറയാതെ കൂടുതല്‍ രൂക്ഷമായി. ഫാര്‍മസിയില്‍നിന്ന് വാങ്ങിയ ആന്റിസെപ്റ്റിക് ഐ ഡ്രോപ്പുകളും ഫലം കണ്ടില്ല. ജൂലൈ 10ന് യുകെയില്‍ തിരിച്ചെത്തിയ ശേഷം ഡോക്ടറെ സമീപിച്ചതോടെയാണ് രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ ആരംഭിച്ചത്. കോര്‍ണിയയില്‍നിന്ന് ചെറിയ ടിഷ്യു സാംപിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് അകാന്തമീബ കെരാറ്റിറ്റിസ് സ്ഥിരീകരിച്ചത്. അകാന്തമീബ എന്ന സൂക്ഷ്മജീവി മൂലം കണ്ണിന്റെ കോര്‍ണിയയില്‍ ഉണ്ടാകുന്ന അപൂര്‍വവും ഗുരുതരവുമായ അണുബാധയാണ് അകാന്തമീബ കെരാറ്റിറ്റിസ്. നീന്തല്‍ക്കുളങ്ങള്‍, ഹോട്ട് ടബുകള്‍, തടാകങ്ങള്‍, ടാപ്പ് വെള്ളം തുടങ്ങിയ ജലസ്രോതസ്സുകളില്‍ അകാന്തമീബയെ കണ്ടെത്താനാകും. കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവരിലാണ് രോഗസാധ്യത കൂടുതലായി കാണപ്പെടുന്നത്.

കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ച് വെള്ളത്തിലിറങ്ങുമ്പോള്‍ സൂക്ഷ്മജീവികള്‍ക്ക് കണ്ണിന്റെ ഉപരിതലത്തിലേക്ക് പ്രവേശിക്കാന്‍ സാഹചര്യമൊരുങ്ങാം. കോര്‍ണിയയില്‍ പ്രവേശിക്കുന്ന അകാന്തമീബ അവിടെ കടുത്ത വീക്കവും വേദനയും സൃഷ്ടിക്കുകയും ചികിത്സ വൈകിയാല്‍ കോര്‍ണിയയിലെ ടിഷ്യുവിന് ഗുരുതരമായ നാശമുണ്ടാക്കുകയും ചെയ്യും. കടുത്ത കണ്ണുവേദന, കണ്ണിനുള്ളില്‍ എന്തോ കുടുങ്ങിയതുപോലുള്ള തോന്നല്‍, അമിതമായി കണ്ണുനീര്‍ വരിക, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട്, കാഴ്ച മങ്ങുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി കണ്ണ് കഴുകുന്നതുകൊണ്ട് മാത്രം അസ്വസ്ഥത മാറില്ലെന്നും ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ നേത്രരോഗ വിദഗ്ധനെ സമീപിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. രോഗം തുടക്കത്തിലേ കണ്ടെത്തിയാല്‍ ചികിത്സിച്ച് നിയന്ത്രിക്കാനാകുമെങ്കിലും വൈകിയാല്‍ ഗുരുതരമായ കാഴ്ചപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. നിലവില്‍ മാറ്റ് ചികിത്സയില്‍ തുടരുകയാണ്. മരുന്നുകളോട് രോഗം പ്രതികരിക്കാത്ത സാഹചര്യമുണ്ടായാല്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ പരിഗണിക്കേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ച് നീന്തല്‍ക്കുളത്തിലോ തടാകത്തിലോ കടലിലോ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ലെന്‍സുകള്‍ ടാപ്പ് വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 
Other News in this category

 
 




 
Close Window