Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ആരോഗ്യം
  Add your Comment comment
എഐ സഹായത്തോടെ ലോകത്തിലെ ആദ്യ മസ്തിഷ്‌ക ശസ്ത്രക്രിയ; പിറ്റിയൂട്ടറി ട്യൂമര്‍ വിജയകരമായി നീക്കി
reporter

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തത്സമയ സഹായത്തോടെ നടത്തിയ ലോകത്തിലെ ആദ്യ മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ബെഡ്ഫോര്‍ഡ്ഷെയര്‍ സ്വദേശിയായ 48കാരന്‍ റൈസ് ഹിബ്ബര്‍ട്ടിന്റെ പിറ്റിയൂട്ടറി ട്യൂമറാണ് എഐയുടെ സഹായത്തോടെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കാഴ്ച നിയന്ത്രിക്കുന്ന ഒപ്റ്റിക് നാഡികളില്‍ ട്യൂമര്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കാഴ്ചപരിധി കുറഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ആശുപത്രിയുടെ കീഴിലുള്ള നാഷനല്‍ ഹോസ്പിറ്റല്‍ ഫോര്‍ ന്യൂറോളജി ആന്‍ഡ് ന്യൂറോസര്‍ജറിയിലാണ് ചരിത്രപരമായ ശസ്ത്രക്രിയ നടന്നത്. കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍ പ്രഫ. ഹാനി മാര്‍ക്കസും ന്യൂറോസര്‍ജറി ട്രെയിനി ഡോ. ഡാന്യാല്‍ ഖാനും നേതൃത്വം നല്‍കിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്കിടെ 'രണ്ടാം കണ്ണായി' എഐ

ശസ്ത്രക്രിയയ്ക്കിടെ എന്‍ഡോസ്‌കോപ്പ് ക്യാമറയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ എഐ സംവിധാനം തത്സമയം വിശകലനം ചെയ്തു. തലച്ചോറിലെ പ്രധാന രക്തക്കുഴലുകളും നാഡികളും സ്ഥിതി ചെയ്യാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ കണ്ടെത്തി ശസ്ത്രക്രിയാ സംഘത്തിന് മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കി. ട്യൂമര്‍ സുരക്ഷിതമായി നീക്കം ചെയ്യാന്‍ അനുയോജ്യമായ പ്രദേശങ്ങളും എഐ അടയാളപ്പെടുത്തി. എന്നാല്‍ ശസ്ത്രക്രിയയുടെ നിയന്ത്രണവും അന്തിമ തീരുമാനങ്ങളും പൂര്‍ണമായും ഡോക്ടര്‍മാരുടെ കൈകളിലായിരുന്നു. സര്‍ജന്മാരെ സഹായിക്കുന്ന 'രണ്ടാം കണ്ണ്' എന്ന നിലയിലാണ് എഐ പ്രവര്‍ത്തിച്ചത്.

കണ്ടെത്തിയത് 11 മില്ലിമീറ്റര്‍ പിറ്റിയൂട്ടറി ട്യൂമര്‍

2024 ഡിസംബറില്‍ നടക്കുന്നതിനിടെ റൈസ് കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെടുകയും അപസ്മാരമുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ 11 മില്ലിമീറ്റര്‍ വലുപ്പമുള്ള കാന്‍സര്‍ അല്ലാത്ത ട്യൂമര്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ പിന്നീട് ട്യൂമര്‍ കാഴ്ച നിയന്ത്രിക്കുന്ന ഒപ്റ്റിക് നാഡികളില്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി. ഇതോടെ വശങ്ങളിലുള്ള കാഴ്ച കുറയുകയും നടക്കുന്നതിനിടെ വസ്തുക്കളില്‍ തട്ടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പിറ്റിയൂട്ടറി ഗ്രന്ഥിക്ക് സമീപത്താണ് തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന കരോട്ടിഡ് ധമനികളും ഒപ്റ്റിക് നാഡികളും സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ട്യൂമര്‍ നീക്കം ചെയ്യുമ്പോള്‍ ഇവയ്ക്ക് പരുക്കേല്‍ക്കാനുള്ള അപകടസാധ്യതയും കൂടുതലായിരുന്നു.

ലോകത്തിലെ ആദ്യ രോഗിയാകാന്‍ മടിച്ചില്ല

ഗവേഷണത്തിന്റെ ഭാഗമായി തത്സമയ എഐ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയിലെ ആദ്യ രോഗിയാകാന്‍ റൈസ് സമ്മതം നല്‍കുകയായിരുന്നു. ഗവേഷണത്തില്‍ രോഗികള്‍ പങ്കാളികളാകാതെ വൈദ്യശാസ്ത്രത്തിന് മുന്നോട്ടുപോകാനാകില്ലെന്ന നിലപാടാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. മൂക്കിലൂടെ നേര്‍ത്ത എന്‍ഡോസ്‌കോപ്പ് കടത്തിയാണ് തലയോട്ടിയുടെ അടിഭാഗത്തുള്ള ട്യൂമറിലെത്തിയത്. എല്ലുകളുടെയും കട്ടിയുള്ള ആവരണത്തിന്റെയും പിന്നിലായിരുന്ന ട്യൂമര്‍ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള മാര്‍ഗം കണ്ടെത്തുന്നതില്‍ എഐ നിര്‍ണായക സഹായം നല്‍കി.

'ഒരു വര്‍ഷമായി ഇത്ര വ്യക്തമായി കണ്ടിട്ടില്ല'

ശസ്ത്രക്രിയയ്ക്കുശേഷം അനസ്തീഷ്യയില്‍നിന്ന് ഉണര്‍ന്നപ്പോള്‍ തന്നെ കാഴ്ചയില്‍ വലിയ മാറ്റം അനുഭവപ്പെട്ടതായി റൈസ് പറഞ്ഞു. കണ്ണുതുറന്നപ്പോള്‍ 360 ഡിഗ്രി കാഴ്ച ലഭിച്ചതുപോലെ തോന്നിയെന്നും ഒരു വര്‍ഷമായി ഇത്ര വ്യക്തമായി കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ശസ്ത്രക്രിയയ്ക്കുശേഷമുള്ള എട്ട് ആഴ്ചകളിലും കാഴ്ച തുടര്‍ച്ചയായി മെച്ചപ്പെട്ടതായി റൈസ് പറഞ്ഞു. നേരത്തെ അനുഭവപ്പെട്ടിരുന്ന ക്ഷീണം, തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകളും കുറഞ്ഞു. ''എന്റെ ഊര്‍ജം തിരിച്ചുകിട്ടി. ഈ ശസ്ത്രക്രിയ എനിക്ക് എന്റെ ജീവിതം തിരിച്ചുതന്നു,'' എന്നായിരുന്നു റൈസിന്റെ പ്രതികരണം. ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ണടയുടെയോ വാക്കിങ് സ്റ്റിക്കിന്റെയോ സഹായമില്ലാതെ നടക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആരോഗ്യനില പൂര്‍ണമായി മെച്ചപ്പെട്ടാല്‍ വീണ്ടും ആംബുലന്‍സ് വോളന്റിയറായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹം.

ശസ്ത്രക്രിയാ സഹായിയായി എഐയെ വികസിപ്പിക്കാന്‍ ഗവേഷകര്‍

പിറ്റിയൂട്ടറി ട്യൂമര്‍ നീക്കം ചെയ്ത നൂറുകണക്കിന് ശസ്ത്രക്രിയകളുടെ വിഡിയോകള്‍ ഉപയോഗിച്ചാണ് എഐ സംവിധാനം പരിശീലിപ്പിച്ചത്. രക്തക്കുഴലുകള്‍, നാഡികള്‍, മറ്റ് നിര്‍ണായക ശരീരഘടനകള്‍ എന്നിവ പ്രത്യേകം അടയാളപ്പെടുത്തിയ വിഡിയോകള്‍ പരിശീലനത്തിനായി ഉപയോഗിച്ചു. ഭാവിയില്‍ ശസ്ത്രക്രിയാ മുറിയില്‍ മറ്റൊരു വിദഗ്ധന്റെ 'രണ്ടാം കണ്ണ്' പോലെ പ്രവര്‍ത്തിക്കുന്ന എഐ സംവിധാനം വികസിപ്പിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. ആവശ്യമായ സമയങ്ങളില്‍ സര്‍ജന്മാര്‍ക്ക് എഐയുടെ സഹായം തേടാനും അതിന്റെ നിര്‍ദേശങ്ങളോട് വിയോജിക്കുന്ന സാഹചര്യത്തില്‍ സ്വന്തം മെഡിക്കല്‍ തീരുമാനമെടുക്കാനും കഴിയുന്ന രീതിയിലായിരിക്കും സാങ്കേതികവിദ്യ വികസിപ്പിക്കുക. സര്‍ക്കാര്‍ ധനസഹായത്തോടെ നടക്കുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് റൈസ് ചരിത്രപരമായ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എഐ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം രോഗികളുടെ ചികിത്സ മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി ജെയിംസ് ഫ്രിത്ത് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window