തിരുവനന്തപുരം: നന്മയുടെയും സമൃദ്ധിയുടെയും സന്ദേശവുമായി ഇന്ന് പൊന്‍തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും ഓണക്കോടിയും തിരുവോണസദ്യയും വിവിധ ആഘോഷപരിപാടികളും കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ ഉത്സവലഹരിയിലാണ്. പ്രവാസികളും അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും തിരുവോണപ്പുലരിയില്‍ കുടുംബത്തോടൊപ്പം ഒത്തുചേരാനായി രാത്രി വൈകിയും വീടുകളിലെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷങ്ങളും പരമ്പരാഗത ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്. മലയാളിക്ക് ഓണം ഒരു ആഘോഷം മാത്രമല്ല, ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംഗമം കൂടിയാണ്. തിരുവോണ ദിനത്തിലെ പ്രധാന ആചാരങ്ങളിലൊന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണിയുടെ വരവും നടന്നു. പാര്‍ത്ഥസാരഥിക്കുള്ള ഓണവിഭവങ്ങളുമായെത്തിയ തിരുവോണത്തോണിയെ പള്ളിയോട സേവാസംഘം, വിവിധ കരനാഥന്മാര്‍, ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തിരുവോണ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കാണ്. ക്ഷേത്രത്തിലെ പതിവ് ചടങ്ങുകള്‍ക്ക് പുറമേ വിശേഷാല്‍ കാഴ്ചശീവേലിയും മേളവും ഇന്ന് നടക്കും. പുലര്‍ച്ചെ നാലരയോടെ ശ്രീഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പിച്ചു. തിരുവോണത്തിന്റെ ഭാഗമായി ഇന്ന് പതിനായിരത്തോളം ഭക്തര്‍ക്ക് വിശേഷാല്‍ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. കുടുംബസംഗമങ്ങളും സദ്യയും ഓണക്കളികളും ക്ഷേത്രാചാരങ്ങളും ഒത്തുചേരുന്ന തിരുവോണദിനം കേരളമൊട്ടാകെ ആഘോഷപൂര്‍വം കൊണ്ടാടുകയാണ്.