ലണ്ടന്‍: കോവിഡ് മഹാമാരിക്ക് പിന്നാലെ വിഷാദരോഗവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇംഗ്ലണ്ടില്‍ ആന്റിഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗത്തിലും വലിയ വര്‍ധന. കഴിഞ്ഞ വര്‍ഷം ഏഴില്‍ ഒരാള്‍ക്ക് വീതം ആന്റിഡിപ്രസന്റ് മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഇംഗ്ലണ്ടില്‍ 91 ലക്ഷം രോഗികള്‍ക്കാണ് ആന്റിഡിപ്രസന്റ് മരുന്നുകള്‍ നിര്‍ദേശിച്ചത്. അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 15 ശതമാനത്തിലധികമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ആകെ 9.6 കോടി ആന്റിഡിപ്രസന്റ് പ്രിസ്‌ക്രിപ്ഷന്‍ ഇനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് ഇത് 7.94 കോടിയായിരുന്നു. ആന്റിഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗത്തില്‍ വിവിധ മേഖലകള്‍ക്കിടയില്‍ വലിയ വ്യത്യാസവും കണക്കുകളില്‍ പ്രകടമാണ്. നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് കുംബ്രിയ, സൗത്ത് യോര്‍ക്ഷയര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഉപയോഗനിരക്ക് ഏറ്റവും ഉയര്‍ന്നത്. ലണ്ടനിലെ സമ്പന്ന മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചില പ്രദേശങ്ങളില്‍ ആന്റിഡിപ്രസന്റ് ഉപയോഗം ഏകദേശം ഇരട്ടിയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് സമ്പന്ന മേഖലകളിലുള്ളവരെക്കാള്‍ ഏകദേശം മൂന്നിലൊന്ന് അധികം ആന്റിഡിപ്രസന്റ് മരുന്നുകള്‍ നിര്‍ദേശിക്കപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിതസാഹചര്യങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളുടെ വ്യാപനവുമായി ബന്ധപ്പെടുന്നുവെന്ന ആശങ്കയ്ക്കും ഈ കണക്കുകള്‍ ശക്തി നല്‍കുന്നു. നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് കുംബ്രിയ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡിന് കീഴിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ആന്റിഡിപ്രസന്റ് ഉപയോഗനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ആയിരം പേരില്‍ ഏകദേശം 200 പേര്‍ക്ക് വീതം മരുന്നുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
സ്ത്രീകളിലാണ് ആന്റിഡിപ്രസന്റ് ഉപയോഗം ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മരുന്ന് ലഭിച്ച 91 ലക്ഷം പേരില്‍ 59 ലക്ഷം പേരും സ്ത്രീകളാണ്. ഇത് ആകെ രോഗികളുടെ ഏകദേശം 65 ശതമാനം വരും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വിഷാദരോഗം കണ്ടെത്തപ്പെടാനും ആന്റിഡിപ്രസന്റ് മരുന്നുകള്‍ നിര്‍ദേശിക്കപ്പെടാനും ഏകദേശം ഇരട്ടി സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിനൊപ്പം ചികിത്സയ്ക്കായി മരുന്നുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും ഉയരുന്നതാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.