Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
UK Special
  Add your Comment comment
ഇംഗ്ലിഷ് ചാനലില്‍ കുടിയേറ്റക്കാരുടെ ബോട്ടിന് തീപിടിച്ചു; 157 പേരെ രക്ഷപ്പെടുത്തി
reporter

ലണ്ടന്‍: ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയിലെത്താന്‍ ശ്രമിച്ച കുടിയേറ്റക്കാരുടെ ചെറുബോട്ടിന് തീപിടിച്ചതിനെ തുടര്‍ന്ന് 157 പേരെ ഫ്രഞ്ച്, ബ്രിട്ടിഷ് രക്ഷാസംഘങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ആളപായമോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് കുടിയേറ്റക്കാരുമായി ബോട്ട് ഫ്രാന്‍സില്‍നിന്ന് പുറപ്പെട്ടത്. യാത്രയ്ക്കിടെ ബോട്ടിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് അടിയന്തര സഹായം ആവശ്യമായി വന്നിരുന്നു. ഫ്രഞ്ച് പട്രോള്‍ ബോട്ടുകള്‍ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും യുകെയിലേക്കുള്ള യാത്ര തുടരണമെന്ന നിലപാടില്‍ ബാക്കിയുള്ളവര്‍ സഹായം സ്വീകരിച്ചില്ലെന്ന് ഫ്രഞ്ച് സമുദ്രസുരക്ഷാ അധികൃതര്‍ അറിയിച്ചു. ആളുകള്‍ തിങ്ങിനിറഞ്ഞ ചെറുബോട്ടുകളുടെ ഘടനാപരമായ ദൗര്‍ബല്യം പരിഗണിച്ച് നിര്‍ബന്ധിതമായി ഇടപെടുന്നത് കൂടുതല്‍ അപകടമുണ്ടാക്കുമെന്ന വിലയിരുത്തലില്‍ ഫ്രഞ്ച് അധികൃതര്‍ ആദ്യഘട്ടത്തില്‍ നടപടിയെടുത്തില്ല. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ബോട്ടിന്റെ എന്‍ജിന് തീപിടിക്കുകയും സ്ഥിതി അതിവേഗം വഷളാകുകയും ചെയ്തതോടെ അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഫ്രാന്‍സിലെയും യുകെയിലെയും രക്ഷാസംഘങ്ങള്‍ സംഭവസ്ഥലത്തെത്തി. ആര്‍എന്‍എല്‍ഐ ഈസ്റ്റ്‌ബോണ്‍ ലൈഫ്ബോട്ടിനൊപ്പം യുകെ ബോര്‍ഡര്‍ ഫോഴ്‌സിന്റെ ബിഎസ്സി കണ്ടെന്‍ഡര്‍, ബിഎസ്സി കറേജസ് എന്നീ കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഫ്രഞ്ച് രക്ഷാബോട്ടുകള്‍ 103 പേരെയും ബ്രിട്ടിഷ് കപ്പലുകള്‍ 54 പേരെയുമാണ് രക്ഷപ്പെടുത്തിയത്. എല്ലാവരെയും ഫ്രാന്‍സിലെ ബുലോണ്‍-സുര്‍-മെര്‍ തുറമുഖത്ത് എത്തിച്ചു. ഫ്രഞ്ച് സമുദ്രപരിധിയില്‍ അപകടത്തിലായ ബോട്ടിനെക്കുറിച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി കമാന്‍ഡിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടിഷ് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതെന്ന് യുകെ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ചെറുബോട്ടുകളിലെ ഇംഗ്ലിഷ് ചാനല്‍ യാത്രയുടെ അപകടസാധ്യത വീണ്ടും വ്യക്തമാക്കുന്ന സംഭവമാണിതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്ത് സംഘങ്ങളെ നേരിടുന്നതിനും അപകടകരമായ ചാനല്‍ യാത്രകള്‍ തടയുന്നതിനുമായി ഫ്രാന്‍സുമായും മറ്റു രാജ്യങ്ങളുമായും സഹകരിച്ച് നടപടികള്‍ തുടരുമെന്നും യുകെ സര്‍ക്കാര്‍ അറിയിച്ചു.

ചെറുബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയിലെത്തുന്നവരുടെ എണ്ണം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയായിരിക്കെയാണ് പുതിയ സംഭവം. ഈ വര്‍ഷം ഇതുവരെ ചെറുബോട്ടുകളിലെത്തിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 43 ശതമാനം കുറഞ്ഞതായി ഹോം ഓഫിസ് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ ബുധനാഴ്ച മാത്രം 752 പേരാണ് ചെറുബോട്ടുകളില്‍ യുകെയിലെത്തിയത്. ഈ വര്‍ഷം ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കാലാവസ്ഥ അനുകൂലമാകുന്ന വേനല്‍ക്കാലത്താണ് കൂടുതല്‍ പേര്‍ ഇംഗ്ലിഷ് ചാനല്‍ കടക്കാന്‍ ശ്രമിക്കുന്നത്. അനധികൃത ചാനല്‍ യാത്രകള്‍ തടയുന്നതിനായി യുകെയും ഫ്രാന്‍സും ഏപ്രിലില്‍ 662 മില്യന്‍ പൗണ്ടിന്റെ മൂന്നുവര്‍ഷ കരാറില്‍ ഒപ്പുവച്ചിരുന്നു. ഫ്രഞ്ച് തീരങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുക, ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് മനുഷ്യക്കടത്ത് സംഘങ്ങളെ കണ്ടെത്തുക തുടങ്ങിയ നടപടികള്‍ കരാറിന്റെ ഭാഗമാണ്.

 
Other News in this category

 
 




 
Close Window