Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഭാര്യയെ ബെല്‍റ്റുകൊണ്ട് മര്‍ദിച്ച് ശ്വാസം മുട്ടിച്ചു; ബര്‍മിങ്ങാം ടാക്‌സി ഡ്രൈവര്‍ക്ക് രണ്ടുവര്‍ഷം സസ്‌പെന്‍ഡഡ് തടവ്
reporter

ബര്‍മിങ്ങാം: തുണിയലക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭാര്യയെ ബെല്‍റ്റുകൊണ്ട് മര്‍ദിക്കുകയും കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്ത ടാക്‌സി ഡ്രൈവര്‍ക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ. 28കാരനായ സോറിഫ് ഉദ്ദിനെയാണ് ബര്‍മിങ്ങാം ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ശിക്ഷ മൂന്നുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത കോടതി, ഭാര്യയെ ബന്ധപ്പെടുന്നതില്‍നിന്നും കാണുന്നതില്‍നിന്നും ഇയാളെ ഏഴുവര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. ഭാര്യ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിഡിയോയാണ് കേസിലെ നിര്‍ണായക തെളിവായത്. തുണിയലക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഉദ്ദിന്‍ ബെല്‍റ്റുകൊണ്ട് ഭാര്യയെ അടിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ പതിഞ്ഞിരുന്നു. ആക്രമണത്തിനിടെ 'എന്റെ നിയമം അനുസരിക്കുന്നുണ്ടോ?' എന്ന അര്‍ഥത്തില്‍ ഇയാള്‍ ഭാര്യയോട് ചോദിക്കുന്നതും കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

മറ്റൊരു സംഭവത്തില്‍ ഭാര്യയുടെ കഴുത്തില്‍ പിടിച്ച് ഏതാനും സെക്കന്റ് ശ്വാസം മുട്ടിച്ചതായും കോടതിയില്‍ തെളിഞ്ഞു. ദാമ്പത്യജീവിതത്തിനിടെ ഭാര്യയെ നിയന്ത്രിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സ്വഭാവം ഉദ്ദിനില്‍നിന്ന് ആവര്‍ത്തിച്ചുണ്ടായിരുന്നതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 2019ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. അന്ന് യുവതി ബംഗ്ലാദേശിലായിരുന്നു. പിന്നീട് 2023 ഓഗസ്റ്റില്‍ ഇരുവരും ഇസ്ലാമിക ആചാരപ്രകാരം വിവാഹിതരായി. 2024 ഒക്ടോബര്‍ 13ന് യുവതി അടിയന്തര സഹായത്തിനായി 999ല്‍ വിളിച്ചതോടെയാണ് പീഡനവിവരം പൊലീസിന്റെ ശ്രദ്ധയിലെത്തിയത്. 'ഹെല്‍പ് മീ' എന്നു പറഞ്ഞ യുവതി താമസസ്ഥലത്തിന്റെ പോസ്റ്റ്കോഡും ഓപ്പറേറ്റര്‍ക്ക് കൈമാറി.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ബര്‍മിങ്ങാമിലെ ലോസല്‍സിലുള്ള വീട്ടിലെത്തി. ഉദ്യോഗസ്ഥര്‍ വാതിലില്‍ മുട്ടിയെങ്കിലും ആരും തുറന്നില്ല. വീടിനുള്ളില്‍നിന്ന് നിലവിളി കേട്ടതോടെ പൊലീസ് ബലമായി വാതില്‍ തുറന്ന് അകത്തുകയറുകയായിരുന്നു. കടുത്ത പരിഭ്രാന്തിയിലായിരുന്ന യുവതിയെ ഭര്‍ത്താവില്‍നിന്ന് മാറ്റി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷമാണ് താന്‍ നേരിട്ട ആക്രമണങ്ങളെക്കുറിച്ച് അവര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ഉദ്ദിന്‍ ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചു. ഭാര്യയ്ക്ക് പെട്ടെന്ന് ദേഷ്യം വരാറുണ്ടെന്നും യുകെയില്‍ നിയമപരമായ താമസപദവി നേടുന്നതിനുവേണ്ടിയാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ഭാര്യയെ ആക്രമിച്ചതും ശ്വാസം മുട്ടിച്ചതും ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ഉദ്ദിനെ കോടതി കുറ്റക്കാരനായി കണ്ടെത്തി.

രണ്ടുവര്‍ഷത്തെ തടവുശിക്ഷ മൂന്നുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത കോടതി, 200 മണിക്കൂര്‍ വേതനമില്ലാത്ത സാമൂഹികസേവനം നടത്താനും 'സ്‌കില്‍സ് ഫോര്‍ റിലേഷന്‍ഷിപ്പ് ടൂള്‍കിറ്റ്' പരിശീലനം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു. ഉടന്‍ ജയിലിലടയ്ക്കുന്നതിനുപകരം സമൂഹത്തില്‍ തുടരുന്നതിനൊപ്പം പുനരധിവാസത്തിന് അവസരം നല്‍കുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലാണ് ശിക്ഷ സസ്‌പെന്‍ഡ് ചെയ്തത്.

 
Other News in this category

 
 




 
Close Window