|
തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലില്‍ നിന്ന് ചാടിപ്പോയ 17 തടവുകാരില്‍ 13 പേരെ പോലീസ് പിടികൂടി. രക്ഷപ്പെട്ട ഒരാളെ അയാള്‍ കയറിയ ഓട്ടോറിക്ഷയില്‍ തന്നെ തിരികെ ജയിലിലെത്തിക്കുകയായിരുന്നു.
ജയില്‍ ഡിജിപി ഡോ. സന്ദീപ് റായ് റാത്തോര്‍, ഐ ജി ആര്‍ കനകരാജ്, ഡിഐജി (മധുര) എ മുരുഗേശന്‍, സൗത്ത് സോണ്‍ ഐ ജി വിജയേന്ദ്ര എസ് ബിദാരി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും പ്രാദേശിക ജയില്‍ അധികൃതരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
അതിരാവിലെ തന്നെ തേനി സബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 തടവുകാരില്‍ നാലുപേരെ തിരച്ചിലിനിടെ അറസ്റ്റ് ചെയ്തതായി ഐ ജി ബിദാരി സ്ഥിരീകരിച്ചിരുന്നു.
തടവുകാരില്‍ ഒരാള്‍ക്ക് അപസ്മാരം ബാധിച്ചെന്നും അടിയന്തര സഹായം വേണമെന്നും പറഞ്ഞാണ് ഇവര്‍ നാടകം കളിച്ചത്. പരിശോധിക്കാന്‍ ജീവനക്കാരന്‍ അകത്തുകടന്നയുടന്‍ ജീവനക്കാരനെ കീഴ്‌പ്പെടുത്തി വാതിലിന്റെ താക്കോല്‍ തട്ടിയെടുത്ത് ഇവര്‍ പുറത്തേക്ക് കടക്കുകയായിരുന്നു.
തടവുകാരെ കണ്ടെത്താനായി 17 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും ഡ്രോണുകള്‍, തെരച്ചിലുകള്‍, വാഹന പരിശോധനകള്‍ എന്നിവ നടത്തുകയും ചെയ്തു. ഇടുക്കി, മധുര, ദിണ്ഡിഗല്‍ അതിര്‍ത്തി മേഖലകളില്‍ താത്കാലിക ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
തടവുകാരനില്‍ അഞ്ചാമന്‍ പിടിയിലായത് ജയില്‍ ചാടിയ ശേഷം കയറിയ ഓട്ടോറിക്ഷയില്‍ നിന്നാണ്. അവിചാരിതമായി ഓട്ടോയില്‍ കയറിയ ഇയാളെ കാണവിളയില്‍ ഇറക്കാമെന്നാണ് ഡ്രൈവര്‍ സമ്മതിച്ചിരുന്നത്. |