Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Nov 2026
 
 
Teens Corner
  Add your Comment comment
റൂം ഹീറ്റര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം: മരിച്ചത് പോര്‍ച്ചുഗലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശി
Text By: UK Malayalam Pathram
പോര്‍ച്ചുഗലില്‍ റൂമിനുള്ളിലുണ്ടായിരുന്ന ഹീറ്റര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം കോതമംഗലം ഭൂതത്താന്‍കെട്ട് ചെങ്കര മുത്തലത്തോട്ടത്തില്‍ ബോണി ബേസില്‍(36) ആണ് മരിച്ചത്. കുര്യാക്കോസിന്റെയും ലീലയുടെയും മകനാണ് ബോണി. കഠിനമായ തണുപ്പില്‍ നിന്നു രക്ഷ നേടാനാണു ഉറങ്ങാന്‍ കിടന്നപ്പോള്‍ മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. അതിനു സംഭവിച്ച സാങ്കേതിക തകരാറാണ് വന്‍ ദുരന്തമായി മാറിയത്. ബോണി മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. അര്‍ദ്ധരാത്രിയോടെ ഹീറ്റര്‍ പൊട്ടിത്തെറിക്കുകയോ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടുത്തമുണ്ടാവുകയോ ചെയ്യുകയായിരുന്നു എന്നാണ് കുടുംബത്തിന് ലഭിച്ച പ്രാഥമിക വിവരം.

തീയും പുകയും പെട്ടെന്ന് തന്നെ മുറിയിലാകെ വ്യാപിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടേറ്റും പൊള്ളലേറ്റുമാണ് ബോണിയുടെ മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി പോര്‍ച്ചുഗലില്‍ ജോലി ചെയ്ത് വരികയായിരുന്നു ബോണി ബേസില്‍. വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള നിയമപരമായ നടപടികളും പേപ്പര്‍ വര്‍ക്കുകളും നടത്തിവരുന്നതിനിടയിലാണ് അപ്രതീക്ഷിത വിയോഗം. വേര്‍പാട് സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരേയും കണ്ണീരിലാഴ്ത്തി.

വിദേശകാര്യ മന്ത്രാലയത്തിന്റെയും നോര്‍ക്കയുടെയും പോര്‍ച്ചുഗലിലെ ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ ബോണിയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഭൂതത്താന്‍കെട്ടിലെ കുടുംബവീട്ടു വളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
 
Other News in this category

 
 




 
Close Window