|
ലണ്ടന്‍: ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെ കേരള ഘടകത്തിന്റെയും ബിജെപി പ്രവാസി സെല്‍ (കേരള) യുകെ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്യകര്‍ത്താ ശില്പശാല സംഘടിപ്പിച്ചു. നവംബര്‍ ഏഴിന് ലണ്ടനിലെ വാട്ഫോര്‍ഡിലുള്ള ഹോളിറൂഡ് ചര്‍ച്ച് ഹാളില്‍ നടന്ന ശില്പശാലയില് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപത്തഞ്ചോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
OFBJP യുകെ നാഷണല്‍ കണ്‍വീനര്‍ ബിക്രം ബാനര്‍ജി, ബിജെപി പ്രവാസി സെല്‍ (കേരള) സംസ്ഥാന കണ്‍വീനര്‍ രമേഷ് മാണിക്കോത്ത് എന്നിവര്‍ ചേര്‍ന്ന് ശില്പശാല ഉദ്ഘാടനം ചെയ്തു.
വിദേശരാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുസംഘടിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. സംഘടനയുടെ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനരീതികള്‍, ആശയപരമായ അടിത്തറ, സംഘടനാ ഘടന, പ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങള്‍, പ്രവാസി സമൂഹത്തില്‍ നടത്തേണ്ട ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിയും സെല്ലുകളുടെ പ്രഭാരിയുമായ അനൂപ് ആന്റണി, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. വി. കെ. സജീവന്, തിരുവനന്തപുരം മേയര്‍ വി. വി. രാജേഷ് എന്നിവര്‍ ശില്പശാലയില് പങ്കുചേര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
ബിജെപി പ്രവാസി സെല്‍ (കേരള) സംസ്ഥാന കണ്‍വീനര്‍ രമേഷ് മാണിക്കോത്ത്, OFBJP യുകെ നാഷണല്‍ കണ്‍വീനര്‍ ബിക്രം ബാനര്‍ജി, മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി സുരേഷ് മംഗളഗിരി എന്നിവര്‍ ശില്പശാലയില് നേരിട്ട് പങ്കെടുത്ത് പ്രവര്‍ത്തകരുമായി സംവദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
പ്രവാസി മലയാളികള്‍ക്കിടയില്‍ ബിജെപിയുടെ ആശയങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനരീതികളെക്കുറിച്ച് നേതാക്കള്‍ വിശദീകരിച്ചു. അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കുന്നതില്‍ പ്രവാസി സമൂഹത്തിന് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
യുകെയിലെ സംഘടനാ സംവിധാനം കൂടുതല്‍ ഏകോപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും ശില്പശാലയില് ഉയര്‍ന്നു. വരുംദിവസങ്ങളില്‍ നടപ്പാക്കേണ്ട സംഘടനാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കര്‍മപദ്ധതികളും നേതൃത്വം വിശദീകരിച്ചു.
യുകെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ ശില്പശാലയിലേക്ക് ഏകോപിപ്പിക്കുന്നതിലും സംഘാടക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മറ്റ് പ്രവര്‍ത്തകരെയും നേതൃത്വം പ്രത്യേകം അഭിനന്ദിച്ചു.
സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനായി പതിനൊന്നംഗ കമ്മിറ്റിയെയും ശില്പശാലയില് തിരഞ്ഞെടുത്തു.
പ്രവാസി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതിനും ശില്പശാല സഹായകമായതായി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. യുകെയിലെ വിവിധ മേഖലകളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു. |