Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 11th Nov 2026
 
 
UK Special
  Add your Comment comment
യൂറോപ്യന്‍ വൈദ്യുതി വിപണിയില്‍ പ്രവേശനം: ബ്രിട്ടന്‍ സാമ്പത്തിക വിഹിതം നല്‍കണമെന്ന് അഞ്ച് രാജ്യങ്ങള്‍
reporter

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ ആഭ്യന്തര വൈദ്യുതി വിപണിയില്‍ പങ്കാളിയാകാന്‍ ബ്രിട്ടന്‍ സാമ്പത്തിക സംഭാവന നല്‍കണമെന്ന് അഞ്ച് അംഗരാജ്യങ്ങള്‍. ബെല്‍ജിയം, ജര്‍മനി, ഡെന്‍മാര്‍ക്ക്, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ആവശ്യമുന്നയിച്ചത്. നവംബര്‍ 20ലെ ഇ.യു.-യു.കെ. ഉച്ചകോടിക്ക് മുന്നോടിയായാണ് നീക്കം. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയനും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയ്ക്കും അയച്ച കത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഇ.യു. മേഖലകള്‍ക്കിടയിലെ സാമ്പത്തിക-സാമൂഹിക അസമത്വങ്ങള്‍ കുറയ്ക്കാനുള്ള വികസനനിധികളിലേക്ക് ബ്രിട്ടന്റെ സംഭാവന ഉറപ്പാക്കണമെന്നാണ് ആവശ്യം.

വൈദ്യുതി വിപണിയുമായുള്ള കൂടുതല്‍ അടുപ്പത്തിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുമ്പോള്‍ അതിനനുസരിച്ചുള്ള ഉത്തരവാദിത്തവും ബ്രിട്ടന്‍ ഏറ്റെടുക്കണമെന്നാണ് ഈ രാജ്യങ്ങളുടെ വാദം. എന്നാല്‍ സംഭാവനയുടെ തുകയിലോ മറ്റ് വ്യവസ്ഥകളിലോ ഇതുവരെ ധാരണയായിട്ടില്ലെന്ന് ബ്രിട്ടീഷ് ഊര്‍ജകാര്യ മന്ത്രി മാര്‍ട്ടിന്‍ മക്ക്‌ലസ്‌കി വ്യക്തമാക്കി. ബ്രിട്ടന് ചെലവിനൊത്ത നേട്ടം ലഭിക്കുന്ന കരാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി വ്യാപാരം കാര്യക്ഷമമാക്കാനും ഊര്‍ജസുരക്ഷ മെച്ചപ്പെടുത്താനും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹകരണം സഹായിക്കുമെന്നാണ് യൂറോപ്യന്‍ നേതാക്കളുടെ വിലയിരുത്തല്‍. നോര്‍ത്ത് സീ മേഖലയിലെ കടല്‍ക്കാറ്റില്‍നിന്നുള്ള വൈദ്യുതോല്‍പാദന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും കരാര്‍ നിര്‍ണായകമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള വ്യക്തമായ നടപടിക്രമത്തില്‍ ഉച്ചകോടിക്കിടെ ധാരണയിലെത്തണമെന്നാണ് അഞ്ച് രാജ്യങ്ങളുടെയും ആവശ്യം. സാമ്പത്തിക സംഭാവന സംബന്ധിച്ച അന്തിമ തീരുമാനം തുടര്‍ചര്‍ച്ചകളിലൂടെയാകും.

 
Other News in this category

 
 




 
Close Window