|
ഒരിക്കല്‍ മുറിച്ചെറിഞ്ഞ ബന്ധം പുനസ്ഥാപിക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കും എന്നുള്ള ആശങ്കയിലാണ് യുകെയിലെ ഒട്ടുമിക്ക പ്രവാസികളും. യൂറോപ്യന്‍ യൂണിയനുമായി വീണ്ടും സഹകരണം ശക്തമാക്കുന്നത് നല്ലതാണെന്നൊരു തിരിച്ചറിവിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി ഇതിനു നല്‍കുന്ന വിശദീകരണം. എന്നാല്‍, അത് വെറും സ്വപ്‌നമാണെന്നൊരു വാദത്തിലാണ് എതിര്‍പക്ഷം. പുതിയ കരാര്‍ ബ്രിട്ടനെ വീണ്ടും യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുമെന്നും ബ്രെക്‌സിറ്റിലൂടെ നേടിയ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും അവര്‍ ആരോപിച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തില്‍ മാറ്റം കൊണ്ടുവരാനുള്ള പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ നീക്കത്തിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബേഡനോക്ക് പറഞ്ഞു.
എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്നതു സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ നോക്കാം: ബ്രെക്‌സിറ്റിന് ശേഷമുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും പുതിയ സഹകരണ ധാരണയിലെത്തി എന്നുള്ളതാണു റിപ്പോര്‍ട്ട്. നവംബര്‍ 20ന് ബ്രസ്സല്‍സില്‍ നടന്ന ഉച്ചകോടിയില്‍ ഭക്ഷ്യവ്യാപാരം, കാര്‍ബണ്‍ വിപണികള്‍, യുവാക്കളുടെ പഠന-തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ധാരണയായത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമും യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവും ഈ ചര്‍ച്ചകളില്‍ പങ്കെടുത്തു. പുതിയ 'യൂത്ത് എക്‌സ്പീരിയന്‍സ് സ്‌കീം' പ്രകാരം പ്രതിവര്‍ഷം ബ്രിട്ടനില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നും ഒരുലക്ഷം യുവാക്കള്‍ക്ക് വീതം പരസ്പരം താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അവസരമൊരുങ്ങും. 18 മുതല്‍ 31 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി മൂന്നുവര്‍ഷം പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. യാത്രയ്ക്കും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി ഉപയോഗിക്കാം.
അതേസമയം, യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ ഈടാക്കുന്ന ഫീസ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്ക് സമാനമായ ഫീസ് അനുവദിക്കണമെന്നാണ് ഇയുവിന്റെ ആവശ്യം. ഇക്കാര്യത്തിലെ ചര്‍ച്ചകള്‍ ആറുമാസത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. ഭക്ഷ്യ-പാനീയ വ്യാപാരത്തിലെ തടസ്സങ്ങള്‍ കുറയ്ക്കുകയും വ്യവസായങ്ങളുടെ ചെലവ് താഴ്ത്തുകയും ചെയ്യുകയാണ് സാമ്പത്തിക സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. പുതിയ ധാരണകള്‍ ഉപഭോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കും ഗുണകരമാകുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കുടിയേറ്റവുമായി ബന്ധപ്പെട്ട സഹകരണവും മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരായ സംയുക്ത നടപടികളും ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇത്രയും അറിഞ്ഞതിനു ശേഷം പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ നോക്കുക:
ബ്രസല്‍സില്‍ ഒപ്പുവയ്ക്കാനിരിക്കുന്ന കരാര്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാദം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബേഡനോക്ക് തള്ളിക്കളഞ്ഞു.
കുറഞ്ഞ നൈപുണ്യമുള്ള വിദേശ തൊഴിലാളികളുടെ കുടിയേറ്റം വര്‍ധിക്കാനും ഊര്‍ജവില ഉയരാനും കരാര്‍ കാരണമാകുമെന്നാണ് അവരുടെ വിമര്‍ശനം. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാതിരിക്കുമ്പോഴും അതിന് പണം നല്‍കുകയും നിയമങ്ങള്‍ അംഗീകരിക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്ന് ബേഡനോക്ക് ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ കോടതികളുടെ അധികാരപരിധിക്ക് വിധേയമാകേണ്ടിവരുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരോപിക്കുന്നു.
ഇനി യുകെയിലെ തൊഴില്‍ അവസരങ്ങള്‍ വിലയിരുത്താം:
ഓഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ രാജ്യത്തെ തൊഴില്‍ ഒഴിവുകള്‍ 6.9 ലക്ഷമായി കുറഞ്ഞു. മേയ്-ജൂലൈ കാലയളവിനെക്കാള്‍ 22,000 ഒഴിവുകളാണ് കുറഞ്ഞത്. പരിശോധിച്ച 18 വ്യവസായ മേഖലകളില്‍ 11ലും ഒഴിവുകളുടെ എണ്ണം ഇടിഞ്ഞു. ചെറുകിട സ്ഥാപനങ്ങളിലാണ് കുറവ് കൂടുതലായി രേഖപ്പെടുത്തിയത്.
ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചെലവും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനച്ചെലവും ഉയരുന്നത് നിയമന തീരുമാനങ്ങളെ ബാധിക്കുന്നതായി ഒഎന്‍എസ് വ്യക്തമാക്കി. കോവിഡ് കാലം ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു പതിറ്റാണ്ടിലേറെയായുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് തൊഴില്‍ ഒഴിവുകളെന്ന് വ്യവസായ സംഘടനയായ സിബിഐ ചൂണ്ടിക്കാട്ടി.
യുവാക്കളുടെ തൊഴില്‍പങ്കാളിത്തം സംബന്ധിച്ച മുന്‍ ആരോഗ്യ സെക്രട്ടറി അലന്‍ മില്‍ബേണിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍. വിദ്യാഭ്യാസം, പരിശീലനം, അപ്രന്റീസ്ഷിപ്പ്, തൊഴില്‍ എന്നിവയിലേക്ക് യുവാക്കളെ എത്തിക്കാനുള്ള പിന്തുണ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പരിശോധിച്ച് വിശദമായ പദ്ധതികള്‍ 2027ന്റെ തുടക്കത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം. |