ന്യൂഡല്‍ഹി: കുപ്പിവെള്ള സാമ്പിള്‍ സുരക്ഷിതമല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രോസിക്യൂഷന് എഫ്എസ്എസ്എഐ അനുമതി നല്‍കിയതിന് പിന്നാലെ വിശദീകരണവുമായി ബിസ്ലേരി. സ്വതന്ത്ര ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ബ്രോമേറ്റിന്റെ അളവ് അനുവദനീയ പരിധിക്കുള്ളിലായിരുന്നുവെന്നും തങ്ങളുടെ കുടിവെള്ളം സുരക്ഷിതമാണെന്നുമാണ് കമ്പനിയുടെ വാദം.
2025 സെപ്റ്റംബറില്‍ ഗോവയിലെ നിര്‍മാണശാലയില്‍ ഉല്‍പ്പാദിപ്പിച്ച ഒരു ബാച്ചുമായി ബന്ധപ്പെട്ടാണ് വിവാദം. കമ്പനിയുടെ വിശദീകരണമനുസരിച്ച്, സെപ്റ്റംബര്‍ 30ന് ശേഖരിച്ച ആറു സാമ്പിളുകളില്‍ അഞ്ചെണ്ണം മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു. ആറാമത്തെ സാമ്പിളില്‍ ബ്രോമേറ്റിന്റെ അളവ് ലിറ്ററിന് 12 മൈക്രോഗ്രാമായിരുന്നു. അനുവദനീയ പരിധി 10 മൈക്രോഗ്രാമാണ്. പരിശോധനാഫലത്തിനെതിരെ കമ്പനി അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ലബോറട്ടറിയില്‍ വീണ്ടും പരിശോധിച്ചു. ഇതില്‍ ബ്രോമേറ്റ് പരിധിക്കുള്ളിലായിരുന്നെങ്കിലും പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ കണ്ടെത്തിയതോടെ സാമ്പിള്‍ സുരക്ഷിതമല്ലെന്ന് വീണ്ടും വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്
തുടര്‍ന്ന് എഫ്എസ്എസ്എഐ അംഗീകരിച്ച മറ്റൊരു ലബോറട്ടറിയില്‍ സ്വതന്ത്ര പരിശോധന നടത്തിയെന്നും അതിലും ബ്രോമേറ്റ് അനുവദനീയ പരിധിക്കുള്ളിലായിരുന്നുവെന്നും ബിസ്ലേരി അറിയിച്ചു. ഈ പരിശോധനാഫലം 2026 ഫെബ്രുവരി രണ്ടിന് എഫ്എസ്എസ്എഐയുടെ പശ്ചിമമേഖലാ ഓഫീസിന് സമര്‍പ്പിച്ചതായും കമ്പനി വ്യക്തമാക്കി. അതിനുശേഷം കൂടുതല്‍ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട്. നിര്‍മാണത്തിന്റെ പത്ത് ഘട്ടങ്ങളിലായി തൊണ്ണൂറിലധികം ഗുണനിലവാര പരിശോധനകള്‍ നടത്തുന്നുണ്ടെന്നും വിഷയത്തില്‍ എഫ്എസ്എസ്എഐയുമായി സഹകരിക്കുമെന്നും ബിസ്ലേരി അറിയിച്ചു.