|
ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സീന്‍ വിതരണത്തിനെത്തിയാല്‍ അത് ആദ്യം ലഭിക്കുക സര്‍ക്കാര്‍, സ്വകാര്യ സംവിധാനത്തിലെ മുന്‍നിര കോവിഡ് പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കുമെന്ന് ഉറപ്പായി. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് കേന്ദ്രം തയാറാക്കി തുടങ്ങി. സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടുത്ത വെള്ളിയാഴ്ചയ്ക്കകം കേന്ദ്രത്തിന് കൈമാറും.
ലോകത്ത് ഏറ്റവുമധികം വാക്സീന്‍ നിര്‍മാണ ശേഷിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് 20 കോടി വാക്സീനുകള്‍ അടുത്ത വര്‍ഷത്തോടെ ലഭ്യമാക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നു. ആസ്ട്രസെനകയും നോവാക്സ് ഇന്റര്‍നാഷണലുമായും വാക്സീന്‍ നിര്‍മാണത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
70 ലക്ഷം ഡോക്ടര്‍മാരുള്‍പ്പെടെ മൂന്നു കോടിയോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സീന്‍ നല്‍കാനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം രാജ്യത്തിനുണ്ടെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറയുന്നു. 2.5 കോടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്ന ഇന്ത്യയ്ക്ക് 28,000 ഓളം കോള്‍ഡ് സ്റ്റോറേജുകള്‍ ഇപ്പോള്‍ തന്നെയുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടുന്നു. |