Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
മതം
  Add your Comment comment
അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം അവിസ്മരണീയമായി
??. ???? ???????
കര്‍മ്മലയിലെ സൗന്ദര്യപുഷ്പത്തിന്റെ പരിമളം എയ്ല്‍സ്‌ഫോര്‍ഡിലെ വിശുദ്ധരാമത്തിലെ വായുവില്‍ നിറഞ്ഞു നിന്നു. അവളുടെ സംരക്ഷണവലയത്തില്‍ ഉള്‍ച്ചേര്‍ന്നു നിന്നവര്‍ അഗാധമായ ആത്മീയ അനുഭൂതിയില്‍ ലയിച്ചു ചേര്‍ന്നു. ഉത്തരീയ നാഥയുടെ സന്നിധിയിലേക്ക് തീര്‍ത്ഥാടനമായി എത്തിയവര്‍ പരിവര്‍ത്തനത്തിന്റെ വായു ശ്വസിച്ചു മടങ്ങി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനമാണ് അവാച്യമായ ആത്മീയ ആനന്ദം തീര്‍ത്ഥാടകര്‍ക്ക് സമ്മാനിച്ചത്.

മെയ് 28 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടന പതാക ഉയര്‍ത്തിയതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് രൂപതയിലെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ എയ്ല്‍സ്‌ഫോര്‍ഡിലെ പ്രസിദ്ധമായ ജപമാലരാമത്തിലൂടെ കര്‍മ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള ജപമാലപ്രദിക്ഷണം നടന്നു. രൂപതാധ്യക്ഷനോടൊപ്പം ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ മരിയഭക്തര്‍ ജപമാലയില്‍ പങ്കുചേര്‍ന്നു. ഉച്ചക്ക് 1.20 ന് വിശുദ്ധ കുര്‍ബാനക്ക് മുന്നോടിയായി ആരംഭിച്ച പ്രദിക്ഷണത്തില്‍ കര്‍മ്മലമാതാവിന്റെ സ്‌കാപുലര്‍ ധരിച്ച പ്രസുദേന്തിമാരും, അള്‍ത്താരബാലന്മാരും, കാര്‍മ്മികരായ വൈദികരും പിതാവും പങ്കുചേര്‍ന്നു. പ്രസുദേന്തി വാഴ്ചയ്ക്ക് ശേഷം അഭിവന്ദ്യ പിതാവിനോടൊപ്പം എയ്ല്‍സ്‌ഫോര്‍ഡ് പ്രയറി പ്രിയോര്‍ ഫാ. ഫ്രാന്‍സിസ് കെംസ്‌ലി, വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജിനോ അരീക്കാട്ട്, പില്‍ഗ്രിമേജ് ചീഫ് കോഓര്‍ഡിനേറ്റര്‍ ഫാ. ടോമി എടാട്ട്, രൂപതയിലെ വൈദികര്‍, പില്‍ഗ്രിമേജ് കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ തിരി തെളിയിച്ചു.

ഉച്ചക്ക് 1 .30 ന് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാന നടന്നു. സ്വര്‍ഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്ക്ക് മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ക്കൊപ്പം എത്തിയ വൈദികര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി.

വിശുദ്ധകുര്‍ബാനക്കു ശേഷം 3.30 ന് ലദീഞ്ഞും തുടര്‍ന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി മുത്തുക്കുടകളുടെയും കൊടികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണവും നടന്നു. ലണ്ടന്‍ റീജിയണിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള പ്രതിനിധികള്‍ പ്രദിക്ഷണത്തിനു നേതൃത്വം നല്‍കി. വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രദിക്ഷണം അനിര്‍വചനീയമായ ഗൃഹാതുരത്വവും അളവറ്റ ആത്മീയ അനുഭൂതിയുമാണ് വിശ്വാസികള്‍ക്ക് സമ്മാനിച്ചത്. പ്രദിക്ഷണത്തിന്റെ ഒടുവില്‍ ഓപ്പണ്‍ പിയാസയുടെ മുന്നില്‍ പ്രത്യകം തയാറാക്കിയ കുരിശുംതൊട്ടിയില്‍ സ്ലീവാവന്ദനവും തുടര്‍ന്ന് സമാപനാശീര്‍വാദവും നടന്നു.

ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുള്ള രൂപതയിലെ വിവിധ മിഷനുകളില്‍ നിന്നുള്ള ക്വയര്‍ അംഗങ്ങള്‍ തിരുക്കര്‍മങ്ങള്‍ സംഗീത സാന്ദ്രമാക്കി. തീര്‍ത്ഥാടകര്‍ക്ക് എല്ലാ വര്‍ഷവും നല്‍കിവരാറുള്ള കര്‍മ്മലമാതാവിന്റെ ഉത്തരീയം പ്രദിക്ഷണത്തിനു ശേഷം വിതരണം ചെയ്തു. നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും, കഴുന്ന്, അടിമ എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മിതമായ നിരക്കില്‍ ലഘു ഭക്ഷണശാലയും ഒരുക്കിയിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്കൊടുവില്‍ തീര്‍ത്ഥാടകരായി എത്തിയിട്ടുള്ള എല്ലവര്‍ക്കും സ്‌നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

എയ്ല്‍സ്‌ഫോര്‍ഡിലെ വിശുദ്ധഭൂമിയില്‍ ഊര്‍ജ്ജം തേടിയെത്തിയവര്‍ കര്‍മ്മലനാഥയുടെ അനുഗ്രഹനാമം ഹൃദയങ്ങളില്‍ പേറി മടങ്ങിയപ്പോള്‍ അഞ്ചാമത് മരിയന്‍ തീര്‍ത്ഥാടനം ഫലപ്രാപ്തിയില്‍ എത്തിയതായി ചീഫ് കോഓര്‍ഡിനേറ്റര്‍ ഫാ. ടോമി എടാട്ട് പറഞ്ഞു. തീര്‍ത്ഥാടന കോഓര്‍ഡിനേറ്റര്‍മാരായ റോജോ കുര്യന്‍, വിനീത ജോയ്, ലിജോ സെബാസ്റ്റ്യന്‍ കൂടാതെ വിവിധ കമ്മറ്റികളുടെ ഭാരവാഹികള്‍, ലണ്ടന്‍ റീജിയനില്‍ നിന്നുള്ള ട്രസ്ടിമാര്‍, സണ്ടേസ്‌കൂള്‍ അധ്യാപകര്‍, ഭക്ത സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കി. അടുത്തവര്‍ഷത്തെ എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27 ശനിയാഴ്ച ആയിരിക്കും.
 
Other News in this category

 
 




 
Close Window