|
ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിച്ചു. സന്ധ്യാപ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, ഉയിര്‍പ്പ് ശുശ്രുഷകള്‍, പ്രസംഗം, പ്രദിക്ഷണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ. മാത്യു എബ്രഹാം ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
യേശുവിന്റെ പുനരുദ്ധാനം ക്രൈസ്തവ വിശാസത്തിന്റെ ആണിക്കല്ലാണ്. എല്ലാ ജീവിത കഥകളും മരണത്തില്‍ അവസാനിക്കുമ്പോള്‍ യേശുവിന്റെ ജീവിത കഥ ഉയര്‍പ്പിലേക്കാണ് തുടരുന്നത്. സത്യം തമസ്‌കരിക്കപ്പെടുകയും നീതി തൂക്കിലേക്കപ്പെടുകയും ചെയ്യുന്ന ഇക്കാലഘട്ടത്തിലും യേശുവിന്റെ പുനരുദ്ധാനം, സത്യത്തിന്റെയും നീതിയുടെയും വിജയം വിളംബരം ചെയ്യുകയും ലോകത്തിന് പ്രത്യാശ നല്‍കുകയും ചെയ്യുന്നു.
മനുഷ്യന് അപ്രാപ്യവും മനുഷ്യബുദ്ധിക്ക് എളുപ്പം മനസിലാക്കാന്‍ കഴിയാത്തതുമായ ദൈവപ്രകൃതിയുടെ വെളിപ്പെടുത്തലാണ് ക്രിസ്തുവിന്റെ ഉദ്ധാനത്തിലൂടെ സംഭവിച്ചത്. മരണം സൃഷ്ടിക്കുന്ന പരിമിതിയുടെ മഹാസംഭവമാണ് ഉയിര്‍പ്പ്. മരണത്തിന് അപ്പുറമായ നിത്യതയെകുറിച്ചാണ് ഉയിര്‍പ്പ് പ്രോഘോഷിക്കുന്നതെന്നു ഇടവക വികാരി ഫാ. മാത്യു എബ്രഹാം ചൂണ്ടികാട്ടി. ഷിബു ജോര്‍ജ് ഉയര്‍പ്പ് ദിന സന്ദേശം നല്‍കി. ഇടവക ട്രസ്റ്റി ടെനിന്‍ തോമസ്, സെക്രട്ടറി ലിജിയ തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ആധ്യാല്മിക സംഘടന ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഈസ്റ്റര്‍ സദ്യ ഭക്ഷിച്ചു സംതൃപ്തരായാണ് വിശ്വാസികള്‍ ഭവനങ്ങളിലേക്ക് മടങ്ങിപോയത്. |