Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
കേന്ദ്രഫണ്ട് ലഭിച്ചാല്‍ ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും
reporter

തിരുവനന്തപുരം: കേന്ദ്രഫണ്ട് ലഭിച്ചാല്‍ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ പദ്ധതി താളം തെറ്റിച്ചത് കേന്ദ്രസര്‍ക്കാരാണ്. പെന്‍ഷന്‍ കമ്പനിയെപ്പോലും കേന്ദ്രം മുടക്കി. കേന്ദ്രം വെട്ടിയ 57400 കോടി രൂപ ലഭിച്ചാല്‍ ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. യുഡിഎഫിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സമരം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരിനെതിരെയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ കുടിശിക രണ്ടു തവണയും കൊടുത്തു തീര്‍ത്തത് പിന്നീടു വന്ന ഇടതുസര്‍ക്കാരുകളാണ്. യുഡിഎഫ് കാലത്തെ കുടിശിക കണക്ക് അടക്കം എല്ലാം രേഖകളിലുണ്ട്. കേന്ദ്രം തരാനുള്ള പണം നല്‍കിയാല്‍ എല്ലാ പ്രതിസന്ധിയും മാറുമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമപെന്‍ഷന്‍ അഞ്ചു മാസം മുടങ്ങിയതില്‍ മനം നൊന്ത് കോഴിക്കോട് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ല പെന്‍ഷനെന്ന് അടിയന്തര പ്രമേയത്തിന് അനുമതിതേടിയ പിസി വിഷ്ണുനാഥ് പറഞ്ഞു. ഇന്ധന സെസ്സ് പോലും പെന്‍ഷന്റെ പേര് പറഞ്ഞാണ് ഏര്‍പ്പെടുത്തിയത്. ജോസഫിന്റെ മരണത്തിന് സര്‍ക്കാരാണ് ഉത്തരവാദിയെന്നും പിസി വിഷ്ണുനാഥ് കുറ്റപ്പെടുത്തി. എന്നാല്‍ ക്ഷേമപെഷന്‍ കിട്ടാത്തത് കൊണ്ടുമാത്രമാണ് ജോസഫിന്റെ മരണം എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. ജോസഫ് മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നവംബറിലും ഡിസംബറിലും ജോസഫ് പെന്‍ഷന്‍ വാങ്ങിയിരുന്നു. തൊഴിലുറപ്പും പെന്‍ഷനും ചേര്‍ത്ത് ഒരു വര്‍ഷം ജോസഫ് 52400 രൂപ ജോസഫ് കൈപ്പറ്റിയിരുന്നു. തനിച്ചു താമസിക്കുന്ന ജോസഫ് 2023 ല്‍ മാത്രം 24400 രൂപ പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്. അവസാനമായി പെന്‍ഷന്‍ വാങ്ങിയത് ഡിസംബര്‍ 27 നാണ്. സ്വന്തം പെന്‍ഷനും മാനസിക വെല്ലുവിളി നേരിടുന്ന മൂത്തു മകളുടെ പെന്‍ഷനും ഉള്‍പ്പെടെ 3200 രൂപ കൈപ്പറ്റിയിട്ടുണ്ട്. ജനുവരി 15 വരെ തൊഴിലുറപ്പ് പദ്ധതിയില്‍ ജോസഫ് പണിയെടുത്തിരുന്നു. ജനുവരി 03 ന് പേരാമ്പ്രയിലെ കാനറാ ബാങ്കില്‍ നിന്ന് 5500 രൂപ കൂലി ഇനത്തില്‍ കൈപ്പറ്റിയിരുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. ധനമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

 
Other News in this category

 
 




 
Close Window