|
നടിയെ ആക്രമിച്ച കേസില്‍ ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്. ആറു പ്രതികളുടെയും ശിക്ഷാ വിധിയില്‍ ഡിസംബര്‍ 12ന് വാദം നടക്കും.
കേസില്‍ ആദ്യം പത്ത് പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പിന്നീട് ഒരാളെ കുറ്റവിമുക്തനാക്കിയതോടെ ഒന്‍പത് പ്രതികളായി. ഇവരില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിരുന്നെങ്കിലും, പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ കോടതി തെളിഞ്ഞതായി വിധിച്ചു. മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തപ്പെട്ട മറ്റ് പ്രതികള്‍.
2017 ഫെബ്രുവരി 17-ന് കൊച്ചിയില്‍ നടി വാഹനത്തിനുള്ളില്‍ ആക്രമിക്കപ്പെട്ടതാണ് കേസ്. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്.
സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ പിടിയിലായി. തുടര്‍ന്ന് ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു.
2018 മാര്‍ച്ച് 8-നാണ് വിചാരണ ആരംഭിച്ചത്. കോവിഡ് ലോക്ഡൗണ്‍ മൂലം രണ്ടുവര്‍ഷത്തോളം തടസ്സപ്പെട്ട വിചാരണ, 109 ദിവസത്തെ സാക്ഷി വിസ്താരങ്ങള്‍ക്കൊടുവില്‍ പൂര്‍ത്തിയായി. സുപ്രീംകോടതി നല്‍കിയ സമയപരിധി പാലിക്കാനായില്ലെങ്കിലും, എട്ടുവര്‍ഷം നീണ്ടുനിന്ന നടപടികള്‍ക്ക് ശേഷം അന്തിമവിധി പ്രസ്താവിച്ചു |