Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
25 വര്‍ഷത്തിനകം 3.9 കോടി ജനങ്ങള്‍ ആന്റിബയോട്ടിക് പ്രതിരോധം മൂലം മരിച്ചേക്കാം
reporter

ന്യൂഡല്‍ഹി: അടുത്ത 25 വര്‍ഷത്തിനകം 3.9 കോടി ജനങ്ങള്‍ ആന്റിബയോട്ടിക് മരുന്ന് ഫലിക്കാതെ, അണുബാധ മൂലം മരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബാക്ടീരിയ അടക്കമുള്ള അണുക്കള്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിച്ച് അണുബാധ സൃഷ്ടിച്ചതിനെ തുടര്‍ന്ന് 1990 നും 2021 നും ഇടയില്‍ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് മരിച്ചതെന്ന് ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയെയാണ് ഇത് ഭാവിയില്‍ കാര്യമായി ബാധിക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. 2025 നും 2050 നും ഇടയില്‍ ദക്ഷിണേഷ്യയില്‍ മൊത്തം 1.18 കോടി ജനങ്ങള്‍ ആന്റി്ബയോട്ടിക്കിനെ മറികടന്നുള്ള അണുബാധയില്‍ മരിച്ചേക്കാമെന്നും ഗവേഷകരുടെ കൂട്ടായ്മ രൂപം നല്‍കിയ ഗ്രാം പ്രോജക്ടിന്റെ (Global Research on Antimicrobial Resistance) റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ആന്റിബയോട്ടിക് പ്രതിരോധം എന്നാല്‍ രോഗകാരികളായ ബാക്ടീരിയകളെയും ഫംഗസിനെയും നശിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത മരുന്നുകള്‍ നിഷ്ഫലമാകുന്നു എന്നതാണ്. രോഗാണുക്കള്‍ ഈ മരുന്നുകളെ പരാജയപ്പെടുത്താനുള്ള കഴിവ് നേടുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.ആന്റിബയോട്ടിക് പ്രതിരോധം മൂലമുള്ള മരണങ്ങള്‍ ദക്ഷിണേഷ്യയുടെയും കിഴക്കനേഷ്യയുടെയും മറ്റ് ഭാഗങ്ങളിലും സബ്-സഹാറന്‍ ആഫ്രിക്കയിലും കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

70 വയസും അതില്‍ കൂടുതലുമുള്ളവരില്‍, ആന്റിബയോട്ടിക് പ്രതിരോധം മൂലമുണ്ടാകുന്ന മരണങ്ങള്‍ 80 ശതമാനത്തിലധികം വര്‍ദ്ധിച്ചു എന്നാണ് 1990 നും 2021 നും ഇടയിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് പ്രായമായവരെ കൂടുതല്‍ ബാധിച്ചേക്കാം. ഈ കാലയളവില്‍ തന്നെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ആന്റിബയോട്ടിക് പ്രതിരോധം മൂലമുള്ള മരണങ്ങള്‍ 50 ശതമാനത്തിലധികം കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വരും വര്‍ഷങ്ങളില്‍ ആരോഗ്യ പരിപാലന രംഗവും ആന്റിബയോട്ടിക്കുകളും മെച്ചപ്പെട്ടാല്‍ 9.2 കോടി ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. 204 രാജ്യങ്ങളിലെ എല്ലാ പ്രായത്തിലുമുള്ള 52 കോടി ആളുകളെയാണ് പഠനവിധേയമാക്കിയത്. ആശുപത്രി, മരണ രേഖകള്‍, ആന്റിബയോട്ടിക് ഉപയോഗ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉറവിടങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. 2019ല്‍ ആന്റിബയോട്ടിക് പ്രതിരോധവുമായി ബന്ധപ്പെട്ട മരണങ്ങള്‍ എച്ച്ഐവി/എയ്ഡ്‌സ് അല്ലെങ്കില്‍ മലേറിയ എന്നിവയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window