കണ്ണൂര്‍: മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്‍വറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് ഭയമാണ്. അന്‍വറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ഇനിയും പലതും പുറത്തുവരുമെന്നും കെ സുധാകരന്‍ പറഞ്ഞു. അന്‍വറും എഡിജിപിയും ഇപ്പോഴും പലതും മൂടിവെച്ചാണ് സംസാരിക്കുന്നത്. ഇതെല്ലാം ഗുണമാകുന്നത് മുഖ്യമന്ത്രിക്ക് തന്നെയാണ്. മുഖ്യമന്ത്രിക്ക് രണ്ട് മുഖമുണ്ട്, ഒന്ന് ഭരണപക്ഷ മുഖവും മറ്റൊന്ന് പ്രതിപക്ഷത്തിന്റെ മുഖവുമാണ്. രണ്ട് മുഖവും കൂടി ചേര്‍ന്നുള്ള മുഖത്തില്‍ മുഖ്യമന്ത്രി നില്‍ക്കുകയാണ്. വസ്തുനിഷ്ടമായ കാര്യങ്ങള്‍ ജനമറിയാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.
എല്ലാം ഒളിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പി വി അന്‍വര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. അന്‍വറിനെതിരെ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിക്ക് ഭയമുള്ളതിനാലാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നെങ്കില്‍ താന്‍ പുറത്താക്കിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിജിപി അജിത് കുമാറിനെതിരെ സത്യസന്ധമായ റിപ്പോര്‍ട്ട് കിട്ടുമോ, അദ്ദേഹത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന റിപ്പോര്‍ട്ടല്ലേ മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ കഴിയുള്ളു. ഒരു ഭാഗത്ത് എഡിജിപിക്കെതിരെ പറയുന്ന മുഖ്യമന്ത്രി മറുഭാഗത്ത് രണ്ട് പേരെയും സംരക്ഷിക്കുന്ന നിലപാടെടുക്കുന്നുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.