മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി മുഹമ്മദ് റിയാസിനേയും രൂക്ഷമായി വിമര്‍ശിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയന്‍ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മരുമകനു വേണ്ടിയാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. റിയാസിനു വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുതെന്ന് അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്. ഈ രീതിയിലാണെങ്കില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും പിണറായി.
മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാന്‍ ഒരു അര്‍ഹതയുമില്ലെന്നും അന്‍വര്‍ പറഞ്ഞു. ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കണം. ഒരു റിയാസ് മതിയോ എന്ന് സഖാക്കള്‍ ആലോചിക്കട്ടെ. എന്തേ പാര്‍ട്ടിക്ക് ഇടപെടാന്‍ സാധിക്കാത്തത്? കേരളത്തില്‍ ഒരു റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി. പാര്‍ട്ടി എന്നു പറയുന്നത് പാര്‍ട്ടി സഖാക്കളാണ്. അതിനു മുകളിലുള്ള മേല്‍ക്കൂര മാത്രമാണ് പാര്‍ട്ടി നേതാക്കള്‍. ഇപ്പോഴുള്ള നേതാക്കളൊക്കെ സൂപ്പര്‍ നേതാക്കളാണ്. കാലില്‍ കൂച്ചുവിലങ്ങുണ്ട്. മുഖ്യമന്ത്രിയോട് പരിപൂര്‍ണമായും ബഹുമാനമുണ്ട്. മക്കളെ തള്ളിപ്പറയും.- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.