ഓസ്ലൊ: ലെബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ സംശയ നിഴലിലായ മലയാളി റിന്‍സണ്‍ ജോസിനെതിരെ സെര്‍ച്ച് വാറണ്ട്. നോര്‍വേ പൊലീസാണ് അന്താരാഷ്ട്ര തലത്തിലാണ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചത്. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനല്‍ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ നോര്‍വീജിയന്‍ പൗരനാണ്. ലെബനനില്‍ പേജര്‍ സ്‌ഫോടനമുണ്ടായ 17 ന് രാത്രിയാണ് നോര്‍വേയിലെ ഓസോയില്‍ നിന്ന് റിന്‍സണ്‍ അമേരിക്കയിലേക്ക് പോയത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയെന്ന് ചൂണ്ടികാട്ടിയാണ് റിന്‍സന്‍ ബോസ്റ്റണിലേക്ക് പോയത്. എന്നാല്‍ പിന്നീട് റിന്‍സന്‍ അപ്രത്യക്ഷനാവുകയായിരുന്നു. റിന്‍സനെ കാണാനില്ലെന്ന് നോര്‍വയില്‍ അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം നോര്‍വെ പൊലീസിനെ അറിയിച്ചതോടെയാണ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചത്.
റിന്‍സണ്‍ ജോസിന്റെ പേരിലുള്ള നോര്‍ട്ട ഗ്ലോബല്‍ ഷെല്‍ കമ്പനിയാണ് പേജറുകള്‍ വിതരണം ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണിത്. കമ്പനി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ 200 കമ്പനികള്‍ക്ക് ഓഫീസ് ഉണ്ടായിരുന്നുവെന്നും സ്ഫോനത്തിന് ശേഷം നോര്‍ട്ടയുടെ വെബ്സൈറ്റും ഇല്ലാതായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റിന്‍സണ്‍ പേജറുകള്‍ വിതരണം ചെയ്തത് ഡിഎസി എന്ന ഹംഗറി ആസ്ഥാനമായ കമ്പനി വഴിയാണ് ഈ കമ്പനിക്ക് റിന്‍സണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 1.6 മില്ല്യന്‍ ഡോളര്‍ കൈമാറിയെന്നും ആരോപണമുണ്ട്. എന്നാല്‍ കമ്പനി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബള്‍ഗേറിയന്‍ സ്റ്റേറ്റ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.