Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ ഹാജരാകില്ല
reporter

തിരുവനന്തപുരം: വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചു. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും കത്തില്‍ പറയുന്നു. മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന 'ദ ഹിന്ദു' പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.

ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന് മലപ്പുറത്തെക്കുറിച്ച് വിശേഷിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെ സംഭവത്തില്‍ ദിനപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. പിആര്‍ ഏജന്‍സിയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തലുള്ള പരാമര്‍ശം മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കിയതെന്നായിരുന്നു പത്രത്തിന്റെ വിശദീകരണം. എന്നാല്‍ നേരത്തെയും മുഖ്യമന്ത്രി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. പരാമര്‍ശത്തെപ്പറ്റി ചൊവ്വാഴ്ച രാജ്ഭവനില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം.

ദേശവിരുദ്ധര്‍ ആരെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഇതിനെ പറ്റി അറിഞ്ഞതെന്നും ആരാണ് ഇതിനു പിന്നിലെന്ന് അറിയിക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

 
Other News in this category

 
 




 
Close Window